ലോകത്തെ തന്നെ നടുക്കിയ അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്ന് ജീവൻ രക്ഷപെട്ട ഏക യാത്രക്കാരനാണ് വിശ്വാസ് കുമാർ രമേഷ്. ജീവനക്കാരും യാത്രക്കാരും സ്വന്തം സഹോദരനുമുൾപ്പെടെ ഉൾപ്പെടെ 241 പേരുണ്ടായിരുന്ന വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്നുവീണ് കത്തിച്ചാമ്പലായപ്പോൾ രക്ഷപെട്ടത് വിശ്വാസ് മാത്രമായിരുന്നു.
അടിയന്തര വാതിലിന് സമീപമുള്ള 11 എ സീറ്റിലായിരുന്നതുകൊണ്ടു മാത്രമാണ് അത്ഭുതകരമായി വിശ്വാസ് കുമാർ രക്ഷപ്പെട്ടത്. ഭാഗ്യവാനായ വ്യക്തിയെന്നാണ് വിശ്വാസിനെ പലരും വിശേഷിപ്പിച്ചത്. എന്നാൽ ദുരന്തമുണ്ടായി ഒരു മാസം പിന്നിട്ടിട്ടും അതുണ്ടാക്കിയ കടുത്ത മാനസികാഘാതത്തിൽ നിന്ന് വിശ്വാസ് ഇനിയും മുക്തനായിട്ടില്ലെന്ന് റിപ്പോർട്ട്. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് വിശ്വാസ് കുമാർ ഓരോദിവസവും തള്ളിനീക്കുന്നതെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ദുരന്തത്തിനുശേഷം വൈകാരികമായി തകർന്ന നിലയിലായിരുന്നു അദ്ദേഹം. ഉറക്കത്തിനിടെ അർധരാത്രി വിശ്വാസ് ഞെട്ടിയുണരുന്നത് പതിവാണ്. ഞെട്ടിയുണർന്നാൽ പിന്നെ വീണ്ടും ഉറങ്ങുകയെന്നത് വിശ്വാസിന് ദുഷ്‌കരമാണെന്നു അദ്ദേഹത്തിന്റെ കസിൻ സണ്ണി പറയുന്നു
‘വിദേശത്തുള്ള ഞങ്ങളുടെ ബന്ധുക്കൾ ഉൾപ്പെടെ ഒട്ടേറെ പേർ വിശ്വാസിന്റെ കാര്യങ്ങൾ ചോദിച്ച് വിളിക്കാറുണ്ട്. എന്നാൽ അവൻ ആരോടും ഒന്നും സംസാരിക്കാറില്ല. വിമാനാപകടവും ഒപ്പമുണ്ടായിരുന്ന സഹോദരന്റെ മരണവും ഉണ്ടാക്കിയ മാനസികാഘാതത്തെ അവൻ ഇതുവരെ അതിജീവിച്ചിട്ടില്ല.’
‘ഇപ്പോഴും അവൻ അർധരാത്രി ഉറക്കത്തിനിടെ ഞെട്ടിയുണരും. പിന്നീട് ഉറങ്ങാൻ അവൻ പാടുപെടും. ഇതിന് പരിഹാരം തേടി രണ്ടുദിവസം മുമ്പ് ഞങ്ങൾ അവനെ സൈക്യാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടുപോയിരുന്നു. നിലവിൽ ലണ്ടനിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചിട്ടില്ല. ചികിത്സ തുടങ്ങിയതല്ലേയുള്ളൂ.’ -സണ്ണി കൂട്ടിച്ചേർത്തു.
അതേസമയം വിമാനാപകടത്തിനുശേഷം അഹമ്മദാബാദ് സിവിൽ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന വിശ്വാസ് കുമാർ ജൂൺ 17-നാണ് ആശുപത്രി വിട്ടത്. അപകടത്തിൽ കൊല്ലപ്പെട്ട സഹോദരൻ അജയ്‌യിന്റെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞശേഷം കുടുംബം ഏറ്റുവാങ്ങിയതും അതേദിവസമായിരുന്നു. രണ്ട് സഹോദരങ്ങളും ദിയുവിലുള്ള കുടുംബക്കാരെ സന്ദർശിച്ചശേഷം ലണ്ടനിലേക്ക് മടങ്ങവെയാണ് ദാരുണമായ അപകടമുണ്ടായത്.