കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടറെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിൽ തലക്കേറ്റത് ആഴത്തിലുള്ള മുറിവെന്ന് ചികിത്സിച്ച ഡോക്ടർമാർ. തലയോട്ടിയുടെ പിന്നിലായി ചെറിയൊരു പൊട്ടലുണ്ടെന്നും(സ്കൾ ബോൺ ഫ്രാക്ച്ചർ) ഡോക്ടർ വിപിനെ പ്രവേശിപ്പിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ റെനൂപ് പറഞ്ഞു. അതേസമയം തലച്ചോറിലേക്ക് പരുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
മരണത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട ഡോ. വിപിൻറെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. എങ്കിലും ന്യൂറോസർജറി ഐസിയുവിൽ നിരീക്ഷണത്തിലാണ്. മുറിവ് ആഴത്തിലുള്ളതായതിനാൽ ഉള്ളിലേക്ക് അണുബാധയുണ്ടാവാതിരിക്കാൻ കൃത്യമായ ചികിത്സ നിരീക്ഷണം ഒരുക്കിയിരിക്കുകയാണ്. ഡോ. റെനൂപ് വ്യക്തമാക്കി.
അതേസമയം താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ വിപിനാണ് അക്രമിയുടെ വെട്ടേറ്റത്. അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ച ഒൻപത് വയസുകാരിയുടെ പിതാവായ സനൂപാണ് ആക്രമണം അഴിച്ചുവിട്ടത്. കുട്ടിയെ താമരശ്ശേരി ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിത്സ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് ഇയാൾ ഡോക്ടറെ ആക്രമിച്ചത്. നാളെ കോഴിക്കോട് ജില്ലയിലെ അത്യാഹിത വിഭാഗത്തിലൊഴികെയുള്ള ഡോക്ടര്‍മാര്‍ പണിമുടക്കുമെന്ന് കെജിഎംഒഎ അറിയിച്ചു.