കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിന്റെ ആലുവയിലെ വീട്ടിൽ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയ വാർത്താ ചാനൽ മേധാവിമാർക്കെതിരേ പരാതിയുമായി ദിലീപിന്റെ സഹോദരി ജയലക്ഷ്മി. റിപ്പോർട്ടർ ടിവി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും ചാനൽ മേധാവികൾക്കുമെതിരേയാണ് ജയലക്ഷ്മി ആലുവ സ്റ്റേഷൻ ഹൗസ് ഓഫിസർക്ക് പരാതി നൽകിയത്. കുട്ടികളും സ്ത്രീകളും ഉൾപ്പടെയുള്ളവരുടെ സ്വകാര്യത ലംഘിച്ചുവെന്ന് കാണിച്ചാണ് പരാതി നൽകിയിരിക്കുന്നത്.
ഈ മാസം എട്ടിനാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിപട്ടികയിലുണ്ടായിരുന്ന ദിലീപ് കോടതിയിലേക്ക് പോകുന്നതും കോടതി വെറുതെ വിട്ട ശേഷം വീട്ടിൽ തിരിച്ചെത്തി കുടുംബാംഗങ്ങളുമായി സന്തോഷം പങ്കുവയ്ക്കുന്നതും ഡ്രോണുകൾ ഉപയോഗിച്ച് ചിത്രീകരിച്ചിരുന്നു. ദിലീപിന്റെ ഭാര്യ കാവ്യ മാധവൻ, മകൾ മഹാലക്ഷ്മി, സഹോദരി ജയലക്ഷ്മിയുപ്പെടെയുള്ള കുടുംബാംഗങ്ങൾ അദ്ദേഹത്തെ സ്വീകരിക്കാൻ വീടിന് പുറത്തുണ്ടായിരുന്നു. ഈ ദൃശ്യങ്ങളാണ് മാധ്യമങ്ങൾ ഡ്രോണുപയോഗിച്ച് ചിത്രീകരിച്ച് പ്രക്ഷേപണം ചെയ്തത്.
എന്നാൽ വീട്ടിലെ അംഗങ്ങളുടെ സമ്മതമോ, അനുമതിയോ കൂടാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചതെന്നും കുടുംബത്തിന്റെ സ്വകാര്യത ലംഘിച്ചുവെന്നും വ്യക്തികളുടെ സ്വകാര്യമായ താമസ സ്ഥലത്തിന് മുകളിലൂടെ ഡ്രോൺ നിരീക്ഷണം നടത്താൻ മാധ്യമ സ്ഥാപനങ്ങൾക്ക് അധികാരമില്ലെന്നും ജയലക്ഷ്മിയുടെ പരാതിയിൽ പറയുന്നു.



















































