ലാഹോർ: ടി-20 ലോകപ്പിലെ ഇന്ത്യക്കെതിരെയുള്ള മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് അറിയിച്ചതിനു പിന്നാലെ മാധ്യമങ്ങൾക്കുമുന്നിൽ തള്ളിമറിച്ച് നഹ്വി. വിവാദങ്ങൾക്കൊടുവിൽ തിങ്കളാഴ്ച്ചയാണ് പാക്കിസ്ഥാൻ കളിക്കുന്ന കാര്യം തീരുമാനമായത്. ഫെബ്രുവരി 15-ന് കൊളംബോയിൽ നടക്കുന്ന മത്സരത്തിൽ പാക്കിസ്ഥാൻ കളിക്കുമെന്ന് ഉറപ്പായതോടെ ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനാണ് വിരാമമായത്.
അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെയും ശ്രീലങ്കയുടെയും അഭ്യർത്ഥന മാനിച്ച് ഇന്ത്യക്കെതിരെ കളിക്കാൻ തയാറാവുന്നതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വിശദീകരിച്ചത്.എന്നാൽ കളിക്കാനുള്ള അനുമതി നൽകുന്നതിന് മുമ്പ് വരെ പിസിബി ചെയർമാനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി വെല്ലുവിളികൾ ഉയർത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെയോ ഐസിസിയുടെയോ ഭീഷണികൾ കണ്ട് ഞാനോ, പാക്കിസ്ഥാൻ സർക്കാരോ പേടിക്കില്ല. ഇനി ഫീൽഡ് മാർഷൽ സയ്യിദ് അസിം മുനീറിന്റെ കാര്യം പറയുകയാണെങ്കിൽ, അദ്ദേഹത്തെക്കുറിച്ച് നിങ്ങൾക്ക് അറിയാമല്ലോ അല്ലേ, അദ്ദേഹം ഒന്നിനെയും ഭയപ്പെടാറില്ല,’ നഖ്‌വി പറഞ്ഞു.
പിന്നാലെ ഇന്ത്യക്കെതിരെ കളിക്കാമെന്ന് പാക്കിസ്ഥാൻ അംഗീകരിക്കുകയായിരുന്നു. എന്നാൽ ഇതെല്ലാം ബംഗ്ലാദേശിന് വേണ്ടിയായിരുന്നു എന്നായിരുന്നു നഖ്‌വിയുടെ വിശദീകരണം.’ബംഗ്ലാദേശിന്റെ പ്രസ്താവന നിങ്ങൾ കണ്ടിട്ടുണ്ടാകും. ഞങ്ങൾ കളിക്കണമെന്ന് അവർ അഭ്യർത്ഥിച്ചു. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടതുകൊണ്ടാണ് അവർ ഇങ്ങനെയൊരു ആവശ്യം മുന്നോട്ടുവെച്ചത്. ഞങ്ങൾ ബംഗ്ലാദേശിന് വേണ്ടിയാണ് നിലകൊണ്ടത്. ഞങ്ങളുടെ വ്യക്തിപരമായ കാര്യങ്ങൾക്കൊന്നും ഇതിൽ സ്ഥാനമില്ല,’ നഖ്വി മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ അങ്ങനെയൊരു കത്ത് ബംഗ്ലാദേശിനെക്കൊണ്ട് എഴുതിക്കുകയായിരുന്നുവെന്നാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.















































