വാഷിങ്ടൻ: അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബറുമായി കൂട്ടിയിടിക്കാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യാത്രാവിമാനം. ബി 52 ബോംബറുമായി കൂട്ടിയിടി ഒഴിവാക്കാൻ ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് പെട്ടെന്നു വിമാനം ദിശമാറ്റി പറപ്പിച്ചതായി എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം. സംഭവശേഷം പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. പൈലറ്റിന്റെ പേര് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. അമേരിക്കൻ വ്യോമസേന വിവരങ്ങളൊന്നും പുറത്തു വിട്ടിട്ടില്ലെന്ന് മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ആണവായുധങ്ങളും മറ്റ് ആയുധങ്ങളും വഹിച്ച് ലോകത്തെവിടെയും ആക്രമണം നടത്താൻ സാധിക്കുന്ന അത്യാധുനിക ബോംബറാണ് ബി 52. ബോയിങ് കമ്പനിയാണ് നിർമാതാക്കൾ. 5 പേരാണ് ക്രൂവിലുണ്ടാകുക. 31,500 കിലോഭാരം വഹിക്കാൻ കഴിയുന്നവയാണ് ബി 52.