ന്യൂഡല്‍ഹി: ഡല്‍ഹി കൃത്രിമ മഴ പെയ്യിക്കാനായി നടത്തിയ ക്ലൗഡ് സീഡിങ്ങിന്റെ ആദ്യ ട്രയല്‍ വിജയകരം. ഡല്‍ഹിയിലെ ഖേക്ര, ബുരാരി, നോര്‍ത്ത് കരോള്‍ബാഗ്, മയൂര്‍ വിഹാര്‍, സദക്പുര്‍, ഭോജ്പുര്‍ മേഖലകളിലാണ് ക്ലൗഡ് സീഡിങ് ട്രയല്‍ വിജയകരമായി നടത്തിയത്. ഇതോടെ വരുംമണിക്കൂറുകളില്‍ ഡല്‍ഹിയിലെ വിവിധമേഖലകളില്‍ മഴ പെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.
ഐഐടി കാന്‍പുരിന്റെ നേതൃത്വത്തിലാണ് ക്ലൗഡ് സീഡിങ് ട്രയല്‍ നടക്കുന്നത്. കാന്‍പുരില്‍നിന്നെത്തിയ സെസ്‌ന വിമാനം ഉപയോഗിച്ചാണ് ക്ലൗഡ് സീഡിങ് നടത്തിയത്. ആദ്യ ട്രയല്‍ വിജയകരമായി പൂര്‍ത്തീകരിച്ചതിന് പിന്നാലെ രണ്ടാമത്തെ ട്രയല്‍ നടത്താനുള്ള നീക്കങ്ങളും ആരംഭിച്ചു. വൈകീട്ട് അഞ്ചുമണിയോടെയാണ് രണ്ടാം ട്രയല്‍ നടത്തുക. ഇതും പൂര്‍ത്തിയായാല്‍ രാത്രി ഏഴുമണിക്ക് മുന്‍പ് തന്നെ ഡല്‍ഹിയുടെ കൂടുതല്‍ മേഖലകളില്‍ മഴ ലഭിക്കും.
വായുമലിനീകരണം രൂക്ഷമായതോടെയാണ് ഡല്‍ഹിയില്‍ ക്ലൗഡ് സീഡിങ് നടത്തി കൃത്രിമ മഴ പെയ്യിക്കാനുള്ള നടപടികള്‍ ആരംഭിച്ചത്.
മേഘങ്ങളില്‍ രാസപദാര്‍ഥങ്ങള്‍ പ്രയോഗിച്ച് കൃത്രിമമായി മഴപെയ്യിക്കുന്നതാണ് ക്ലൗഡ് സീഡിങ്. വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങ്ങില്‍ ചെയ്യുക.

















































