ക്ഷാമബത്ത അനുവദിക്കാത്തതിനും ശമ്പള പരിഷ്കരണം നടത്താത്തിനുമെതിരെ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുൻപിൽ സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ജീവനക്കാർ സമരം നടത്തി. പക്ഷെ മുദ്രാവാക്യങ്ങൾ ഉയർന്നത് കേന്ദ്രത്തിനും 10 കൊല്ലം മുൻപ് മുഖ്യമന്ത്രിയായിരുന്ന, ഇന്നു ഉയിരോടെയില്ലാത്ത ഉമ്മൻചാണ്ടി സർക്കാരിനെതിരെ… എന്തൊരു വിരോധാഭാസമല്ലേ…
പക്ഷെ ചില ചോദ്യങ്ങൾ ഇവിടെ ഉരുത്തിരിയുന്നു
1, ആരാണ് സംസ്ഥാന ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നത്? – സംസ്ഥാന സർക്കാർ
2, ആരാണ് അവർക്ക് ശമ്പളം കൂട്ടിക്കൊടുക്കേണ്ടത്? – സംസ്ഥാന സർക്കാർ
3, ആരാണ് ഇപ്പോൾ കൂട്ടി നൽകാത്തത് – അതും സംസ്ഥാന സർക്കാർ
4, അപ്പോൾ ആർക്കെതിരെയാണ് സമരം ചെയ്യേണ്ടത്? – സംസ്ഥാന സർക്കാരനെതിരെ
5, അപ്പോൾ ആ സമരത്തിൽ ആർക്കെതിരെയാണ് മുദ്രാവാക്യം വിളിക്കേണ്ടത്? – സർക്കാരിനെതിരെ അല്ലേ… അല്ലാതെ മോദിക്കും കൂടെ പത്തുകൊല്ലം മുമ്പ് ഭരണമൊഴിഞ്ഞ ഉമ്മൻചാണ്ടിക്കെതിരെയല്ലൊല്ലോ…
എന്നാൽ ഇതാണ് ഇപ്പോൾ സഖാക്കളുടെ സമരത്തിന്റെ ഒരു രീതി. ഇങ്ങനെ ആളുകളെ പൊട്ടന്മാരാക്കുന്ന രീതി ഇതിനു മുമ്പുണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഇടതു സംഘടനകൾ പൊതുവേ ഏതു ജനകീയ പ്രശ്നങ്ങളിലും ഭരണകക്ഷികളുടെ കൊടിയോ നിറമോ നോക്കാതെ സമരം ചെയ്യുന്നവരാണെന്നാണ് പൊതുവേ പറയാറുള്ളത്. എന്നിട്ട് എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ ഏതെങ്കിലും സമരവുമായി അടുത്തകാലത്ത് തെരുവിലിറങ്ങിയത് നിങ്ങൾക്കോർമയുണ്ടോ. വിദ്യാഭ്യാസമേഖലയിൽ ഇത്ര കുത്തഴിഞ്ഞ കാലം ഇതിനു മുമ്പുണ്ടായിട്ടുണ്ടോ. സർവകലാശാലകളിൽ വിസിമാർ ഇല്ലാതെ എത്രനാൾ കിടന്നു. പി എം ശ്രീ പോലെ കേരള താൽപര്യത്തിന് വിരുദ്ധമായ കേന്ദ്ര പദ്ധതികൾ അടിച്ചേൽപിക്കുന്നു. എസ്എഫ്ഐ എവിടെയാണ്.
ഒരു കാര്യം വാസ്തവമാണ് പിണറായി വിജയന്റെ കാലത്തെ സിപിഎം ഭരണത്തിന്റെ പ്രത്യേകത എന്നു പറയുന്നത് എന്തു ചെയ്താലും യാതൊരു ചോദ്യവും ചെയ്യാതെ ന്യായീകരിച്ചോളണം. അതാണ് ഇപ്പോഴത്തെ കമ്മ്യൂണിസം. തെറ്റ് എവിടെ കണ്ടാലും അവിടെ നിങ്ങളുടെ മുഷ്ടി ഉയരണം മുദ്രാവാക്യം മുഴങ്ങണം എന്ന തത്വചിന്തയൊക്കെ സഖാക്കൾ വിട്ടിട്ട് കാലമേറെയായി. കിട്ടുന്ന അപ്പക്കഷണങ്ങൾക്ക് പിന്നാലെ പോയി തരുന്നവർക്കുവേണ്ടി കുരയ്ക്കുന്ന നായ്ക്കളെപോലെയായിരിക്കുന്നരാണ് സിപിഎം പ്രവർത്തകരിൽ ഏറെയും. അല്ലാത്തവർ തങ്ങളുടെ പ്രതിഷേധം ചെറുതായി പോലും പ്രകടിപ്പിക്കാൻ ധൈര്യമില്ലാതെ മൗനമായി എല്ലാം കണ്ട് അങ്ങനെ തുടരുന്നു.
ഇനി നമുക്ക് ജീവനക്കാരുടെ സമരത്തിലേക്ക് തന്നെ വരാം. 2016 ൽ ഇടതു സർക്കാർ വന്ന ശേഷം ജീവനക്കാരുടെ ആനുകൂല്യങ്ങൾ പലതും വെട്ടിക്കുറച്ചു എന്ന ആരോപണം ഇപ്പോഴും നിലനിൽക്കുകയാണ്. ജീവനക്കാർക്ക് ലഭിച്ചിരുന്ന ഹൗസിംഗ് ലോൺ ഇപ്പോൾ സർക്കാർ നൽകുന്നില്ല. ജീവനക്കാരുടെ മെഡിക്കൽ സഹായം പൂർണ്ണമായും ഒഴിവാക്കി ജീവനക്കാരിൽ നിന്നു തന്നെ പ്രതിമാസം ഒരു തുക പിടിച്ച് സ്വകാര്യ ഇൻഷൂറൻസ് ഏജൻസിയെ ഏൽപിച്ചു. അതോടെ പലർക്കും അതിന്റെ സഹായങ്ങൾ കിട്ടാതായി. പരാതി പറയാൻ പോലും ഒരു സംവിധാനം ഇല്ലാതായി. ഈ പദ്ധതി വളരെ പരാജയമാണെന്ന ആരോപണം നിലനിൽക്കെ ഇപ്പോൾ സർക്കാർ അതിന്റെ പ്രതിമാസ വരിസംഖ്യ കൂട്ടുകയാണ് ചെയ്തിട്ടുള്ളത്. ഫലത്തിൽ ജീവനക്കാരുടെ ആരോഗ്യ സംരക്ഷണ പദ്ധതിയിൽ നിന്നും സർക്കാർ പൂർണ്ണമായും പിന്മാറിയിരിക്കുന്നു.
2016 ൽ സർക്കാർ വരുമ്പോൾ പറഞ്ഞിരുന്ന കാര്യമാണ് പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുമെന്ന്. എന്നാൽ പത്താം വർഷത്തിലും ആ വിഷയത്തിൽ യാതൊരു നീക്കവും നടത്തിയിട്ടില്ല. കാലാകാലങ്ങളിൽ വില സൂചികയ്ക്കനുസരിച്ച് വർധിക്കേണ്ട ക്ഷാമബത്ത അഞ്ചോ ആറോ ഗഡുക്കൾ ഇപ്പോൾ കുടിശ്ശികയാണ്. കൂടാതെ പുതിയ ശമ്പള പരിഷ്കരണം 2024 ൽ വരേണ്ടതായിരുന്നു. എന്നാൽ ഇതുവരെ അതിന്റെ യാതൊരു നടപടിയും തുടങ്ങിയിട്ടു പോലുമില്ല. അതുകൂടാതെ 2019 ൽ നടന്നതിയ ശമ്പളപരിഷ്കരണത്തിന്റെ കുടിശ്ശിക ഇതുവരെ കൊടുത്തു തീർത്തിട്ടുമില്ല.
ഇതിനെതിരെ പ്രതിപക്ഷ സംഘടനകൾ കോടതിയിൽ പോയപ്പോൾ അവിടെ സർക്കാർ കൊടുത്ത സത്യവാങ്മൂലമാണ് ബഹുരസം, ക്ഷാമബത്തയൊന്നും ജീവനക്കാരുടെ അവകാശമല്ല, സർക്കാരിന് കാശുണ്ടാവുമ്പോൾ കൊടുക്കും ഇപ്പോ ഇത്തിരി ബുദ്ധിമുട്ടാണ്. എങ്ങനെയുണ്ട്… അതുകൊണ്ടും തീർന്നില്ല, കോടതിയിൽ ഈ സത്യവാങ് മൂലം കൊടുത്തിട്ട് പുറത്ത് പത്രസമ്മേളനം നടത്തി ധനകാര്യമന്ത്രി പറയുകയാണ്, ക്ഷാമബത്തയും എല്ലാം അവകാശമാണ്, കൃത്യസമയത്ത് തന്നെ നൽകും, ഒന്നും നൽകാതിരിക്കില്ല എന്ന്. അതിനിടെ കോടതിയിൽ പറഞ്ഞതിനെക്കുറിച്ച് ഏതോ വർഗശത്രുവായ പത്രപ്രവർത്തകൻ ചോദിച്ചപ്പോൾ കോടതിയിൽ പറയുന്നത് നോക്കേണ്ട, ഇവിടെ താൻ പറയുന്നതാണ് ശരിയായ കാര്യം. പിന്നെ കോടതിയല്ലല്ലോ ശമ്പളം കൊടുക്കുന്നത്, സർക്കാരല്ലേ, ആ സർക്കാരിന്റെ ധനകാര്യമന്ത്രിയായ താൻ പറയുന്നു എല്ലാം നൽകും.
ഒരു മന്ത്രി പത്രക്കാരോട് പറയുകയാണ് കോടതിയിൽ പറഞ്ഞതല്ല ശരി ഇപ്പോൾ പറയുന്നതാണെന്ന്. എന്താണ് കാര്യം. കോടതിയിൽ ക്ഷാമബത്ത കൊടുക്കുമെന്ന് പറഞ്ഞാൽ കൊടുത്തിരിക്കണം. അല്ലാതെ കോടതിയിൽ നുണ പറയാൻ പറ്റില്ല. അപ്പോൾ അവിടെ സത്യം പറഞ്ഞു. ഇനി ഇവിടെ പത്രക്കാരോട് കൊടുക്കുമെന്ന് പറഞ്ഞാലും കൊടുത്തില്ലെങ്കിലും യാതൊരു കുഴപ്പവുമില്ല. കിടന്ന് ഉരുളുകയും ന്യായീകരിക്കുകയും ചെയ്യാമല്ലോ. ഇത്രനാളും കൊടുക്കാതെ ചെയ്തുകൊണ്ടിരിക്കുന്നതും അതാണല്ലോ. അപ്പോ സഖാക്കളേ, പറഞ്ഞു വരുന്നത് ഇതാണ്. നേതാക്കൾ നിങ്ങളെ ഇമ്മാതിരി കോമാളികളാക്കി മാറ്റുന്നത് തലയിൽ അല്പമെങ്കിലും ബോധം ബാക്കിയുണ്ടെങ്കിൽ തിരിച്ചറിയുക. എന്തിനാണ് സമരം ചെയ്യുന്നതെന്നും ആരോടാണ് സമരം ചെയ്യുന്നതെങ്കിലും മിനിമ മനസിലാക്കി മുദ്രാവാക്യം വിളിക്കുക. അല്ലെങ്കിൽ കനൽ ഉള്ള തരി അധികം താമസിയാതെ കെട്ടോളും.













































