കോട്ടയ്ക്കൽ: അടിസ്ഥാന ജനവിഭാഗങ്ങളോടുള്ള പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കോട്ടയ്ക്കൽ നഗരസഭയിലെ പണിക്കർക്കുണ്ട് വാർഡ് കൗൺസിലറും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ എം.സി. മുഹമ്മദ് ഹനീഫ കോൺഗ്രസിൽ ചേർന്നു. അടിസ്ഥാന ജനവിഭാഗങ്ങളെ സിപിഎം കൈവിട്ടതിൽ പ്രതിഷേധിച്ചാണു രാജിയെന്നു ഹനീഫ വ്യക്തമാക്കി.
എസ്എഫ്ഐയിലൂടെയാണ് ഹനീഫ പൊതു രാഷ്ട്രീയ രംഗത്തെത്തിയത്. ഇടയ്ക്ക് പ്രവാസജീവിതത്തെ കൂട്ടുപിടിച്ചെങ്കിലും നാട്ടിൽ തിരിച്ചെത്തിയതോടെ വീണ്ടും പൊതുരംഗത്ത് സജീവമായി. പണിക്കർക്കുണ്ട് വാർഡിൽ ഇടതുപക്ഷം തുടർച്ചയായി 2 തവണ വിജയിച്ചതിനുപിറകിലും മറ്റും ഇദ്ദേഹത്തിന്റെ നിസ്വാർഥ പ്രവർത്തനമുണ്ട്. കേരള പ്രവാസി സംഘം മുനിസിപ്പൽ മുൻ പ്രസിഡന്റും നിലവിൽ കർഷക സംഘം പ്രസിഡന്റുമാണ്. താഴേത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കുന്നതിൽ സിപിഎം സംവിധാനം പരാജയപ്പെട്ടതായി ഹനീഫ ആരോപിച്ചു.
പാർട്ടി പലപ്പോഴും ഫണ്ട് പിരിക്കാനും സമരത്തിനു ആളെ കൂട്ടാനും മറ്റും മാത്രമായാണ് പ്രവർത്തകരെ നേതൃത്വം ഉപയോഗിക്കുന്നത്. വിവിധ വിഷയങ്ങൾ പാർട്ടിയുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും നടപടി ഉണ്ടായില്ല. എന്നാൽ, പാർട്ടി വ്യക്തിപരമായി അവഗണിച്ചുവെന്ന പരാതി ഇല്ലെന്നും വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം കോൺഗ്രസ് നേതൃത്വവുമായി ചർച്ചചെയ്തു തീരുമാനിക്കുമെന്നും ഹനീഫ പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയി കോൺഗ്രസ് അംഗത്വം നൽകി. മണ്ഡലം പ്രസിഡന്റ് പി.സേതുമാധവൻ അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, ആര്യാടൻ ഷൗക്കത്ത്, ജില്ലാ യുഡിഎഫ് കൺവീനർ പി.ടി. അജയ് മോഹൻ, ഡിസിസി ഭാരവാഹികളായ പി.ഇഫ്തിഖാറുദ്ദീൻ, വി.മധുസൂദനൻ തുടങ്ങിയവർ പങ്കെടുത്തു. അതേസമയം തദ്ദേശതിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ മുതിർന്ന നേതാവിന്റെ രാജി സിപിഎമ്മിനു വലിയ തിരിച്ചടിയായിട്ടുണ്ട്.