ന്യൂഡൽഹി: മുദ്രാവാക്യങ്ങൾ എഴുതിയ ടി ഷർട്ട് ധരിച്ച് സഭയ്ക്കുള്ളിൽ എത്തരുതെന്ന് ഡിഎംകെ എംപിമാരോട് ലോക്‌സഭാ സ്പീക്കർ ഓം ബിർള. നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണയത്തിനെതിരെ, ‘തമിഴ്നാട് പൊരുതും’ എന്നുൾപ്പടെയുളള മുദ്യാവാക്യങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട് ധരിച്ചായിരുന്നു ഡിഎംകെ അംഗങ്ങൾ സഭയ്ക്കുള്ളിലെത്തിയത്.
എന്നാൽ, ഇത്തരം നടപടികൾ പാർലമെന്ററി ചട്ടങ്ങൾക്കും മര്യാദകൾക്കും വിരുദ്ധമാണെന്ന് സ്പീക്കർ പറഞ്ഞു. ‘നിയമങ്ങളും നടപടിക്രമങ്ങളും പാലിച്ചാണ് സഭ പ്രവർത്തിക്കുന്നത്. സഭയോടുള്ള അന്തസ്സും ബഹുമാനവും അംഗങ്ങൾ നിലനിർത്തേണ്ടതുണ്ട്. എന്നാൽ ചില എംപിമാർ നിയമങ്ങൾ പാലിക്കുന്നില്ല. അന്തസ്സ് ലംഘിക്കുകയും ചെയ്യുന്നു. എത്ര വലിയ നേതാവായാലും ഇത്തരം വസ്ത്രങ്ങൾ സഭയ്ക്കുള്ളിൽ അംഗീകരിക്കാനാകില്ല’, അദ്ദേഹം വ്യക്തമാക്കി.അംഗങ്ങളോട് സഭയ്ക്ക് പുറത്തുപോകാനും പാർലമെന്ററി നിയമങ്ങൾ അനുശാസിക്കുന്നവിധത്തിലുള്ള വസ്ത്രം ധരിച്ച് തിരിച്ചുവരാനും ഓം ബിർള ഉത്തരവിട്ടു. എന്നാൽ അംഗങ്ങൾ ഇതിനു തയ്യാറാകാഞ്ഞതോടെ ഉച്ചവരെ സഭ നിർത്തിവെച്ചു.