ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തെ ഗുരുതര പ്രതിസന്ധിയിലാക്കിയ സ്യൂട്ട്കെയ്സ് പരാമർശത്തിന്റെ പേരിൽ മുൻ സംസ്ഥാന അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവജ്യോത് കൗർ സിദ്ദുവിനെ സസ്പെൻഡ് ചെയ്തു.
500 കോടി രൂപയടങ്ങിയ സ്യൂട്ട്കെയ്സ് നൽകാൻ കഴിയുന്നവർക്കേ പഞ്ചാബിൽ പാർട്ടിയുടെ മുഖ്യമന്ത്രിമുഖമാകാൻ കഴിയൂ എന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് നടപടി. പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽനിന്നാണു സസ്പെൻഷൻ. ഏതെങ്കിലും പാർട്ടി സിദ്ദുവിന് അധികാരം നൽകിയാൽ പഞ്ചാബിനെ സുവർണ സംസ്ഥാനമാക്കി മാറ്റുമെന്ന് കൗർ പറഞ്ഞു.
അതോടെ, സിദ്ദുവും ഭാര്യയും പാർട്ടിമാറുമെന്ന സൂചന ശക്തമായി. മുഖ്യമന്ത്രി കസേരയിലിരിക്കുന്നതിനായി ഇത്രയും വലിയ തുക നൽകാൻ തന്റെയും ഭർത്താവിന്റെയും കയ്യിലില്ലെന്നും പഞ്ചാബിനു വേണ്ടിയാണ് സംസാരിക്കുന്നെന്നും അവർ പറഞ്ഞു.




















































