ന്യൂഡല്‍ഹി: വീണ്ടും കേന്ദ്രത്തെ പുകഴ്ത്തി കോൺഗ്രസ് എംപി ശശി തരൂര്‍. പുതിയൊരു ലേഖനത്തിലാണ് കോവിഡ് കാലത്തെ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയത്തെ തരൂര്‍ പുകഴ്ത്തിയത്. വാക്‌സിന്‍ കയറ്റുമതിയിലൂടെ ഇന്ത്യയുടെ ആഗോള പ്രതിച്ഛായ ഉയര്‍ന്നുവെന്ന് തരൂര്‍ പറഞ്ഞു. കോവിഡ് കാല ഭീകരതകളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നതാണ് ഇന്ത്യയുടെ അന്നത്തെ വാക്‌സിന്‍ നയതന്ത്രം. ഉത്തരവാദിത്തത്തിലും ഐക്യദാര്‍ഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായിരുന്നു അതെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പാക്കിയ ‘വാക്‌സിന്‍ മൈത്രി’ സംരംഭത്തെ പുകഴ്ത്തി ദി വീക്കില്‍ എഴുതിയ ലേഖനത്തില്‍ തരൂര്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുപിഎ ഭരണകാലത്ത് വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചയാളാണ് ശശി തരൂര്‍. 2020-21 കാലത്തെ കോവിഡ് മഹാമാരിയെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടത്തിയ അന്താരാഷ്ട്ര നീക്കങ്ങളെയാണ് തരൂര്‍ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തത്.കോവിഡ് കാലത്ത് 100-ല്‍ അധികം രാജ്യങ്ങള്‍ക്ക് വാക്‌സിനുകള്‍ നല്‍കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കിയ സംരംഭമാണ് വാക്‌സിന്‍ മൈത്രി. ഇതിന്റെ ഭാഗമായി 2021 ജനുവരി 20 മുതല്‍ ഇന്ത്യ വാക്‌സിന്‍ വിതരണം ആരംഭിച്ചു.
കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നീ വാക്‌സിനുകള്‍ നിര്‍മിച്ച് നേപ്പാള്‍, ഭൂട്ടാന്‍, മാലിദ്വീപ്, ബംഗ്ലാദേശ്, ആഫ്രിക്കന്‍ രാജ്യങ്ങള്‍, മ്യാന്‍മര്‍ എന്നിവയുള്‍പ്പെടെ 100-ലധികം രാജ്യങ്ങള്‍ക്ക് ഇന്ത്യ ഇത് വിതരണം ചെയ്തു. സമ്പന്ന രാജ്യങ്ങള്‍ ചെയ്യാത്തത് ഇന്ത്യ ചെയ്തുവെന്ന് തരൂര്‍ പറഞ്ഞു.വസുധൈവ കുടുംബകം എന്ന തത്വത്തില്‍ വേരൂന്നിയ ആഗോള ഐക്യദാര്‍ഢ്യത്തിന് സര്‍ക്കാര്‍ ഊന്നല്‍ നല്‍കിയെന്നും. ഉപഭൂഖണ്ഡത്തിലെ മറ്റ് രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഇന്ത്യക്ക് സാധിച്ചുവെന്നും തരൂര്‍ ചൂണ്ടിക്കാട്ടി.