പലപ്പോഴുംകോൺഗ്രസിനെപ്പറ്റിയുള്ള ആക്ഷേപമാണ് രഹസ്യ സ്വഭാവമുള്ള ചർച്ചകൾ പോലും മാധ്യമങ്ങൾക്ക് ചോർത്തികൊടുക്കുന്നുവെന്നത്. ഇതു പലപ്പോഴും കോൺഗ്രസിനെതിരെ എതിർ പാർട്ടി പ്രവർത്തകർ ഉന്നയിക്കാറുള്ള പ്രധാന ആക്ഷേപമാണ്. ഒരു പരിധി വരെ ഇത് ശരിയാണെന്ന് പൊതുജനവും വിശ്വസിക്കുന്നുണ്ട്. എന്നാൽ ആ വിമർശങ്ങനെ തലകീഴായി മറിച്ച ദിവസമായിരുന്നു ഇന്നലെ. കേരളത്തിലെ എല്ലാ പ്രധാന നേതാക്കൾക്കും ഡൽഹിയിൽ പ്രത്യേക യോഗത്തിനെത്തിയപ്പോൾ എന്തിന് വേണ്ടിയാണ് ഇത്തരം ഒരു അടിയന്തര മീറ്റിങ് എന്നറിയാതെ കുഴയുന്ന മാധ്യങ്ങളെയാണ് നാം കണ്ടത്. പതിവുപോലെ ഇടതു അനുകൂല മാധ്യങ്ങൾ എന്തൊക്കെയോ വസ്തുതാവിരുദ്ധമായ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തു എന്നല്ലാതെ ഇന്നലത്തെ ചർച്ചയെ പറ്റി മാധ്യങ്ങൾ പൂർണമായും ‘ക്ലൂലെസ്സ്’ ആയിരുന്നു എന്ന് തന്നെ പറയാം.
ഡൽഹിയിൽ നടന്ന കോൺഗ്രസ് നേതാക്കളുടെ മീറ്റിങ്ങിന് എന്താണ് ഇത്ര പ്രാധാന്യം? കേവലം ഒരു മീറ്റിങ്ങിനെ ഇത്ര ഗൗരവത്തിൽ നാം കാണേണ്ടതുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം: ഇന്നലെ നടന്ന മീറ്റിംഗിനെ അടുത്ത നിയസഭ തിരഞ്ഞെടുപ്പിലെ ‘ഗെയിം ചേഞ്ചർ’ എന്നാണ് വിശേഷിപ്പിക്കേണ്ടത് എന്നതാണ്. എന്തുകൊണ്ടാണ് കേവലം ഒരു മീറ്റിങ്ങിന് കേരളാ രാഷ്ട്രീയത്തെ തന്നെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നത് എന്ന് നമുക്ക് നോക്കാം.
> അവസാനിക്കുന്ന തലവേദന
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിലെ ഏറ്റവും വലിയ തലവേദന സംഘടനയ്ക്കുള്ളിലെ പോര് തന്നെയായിരുന്നു. സംസ്ഥാനത്ത് വളരെ വലിയ ഭരണവിരുദ്ധ വികാരം നിലനിൽക്കുമ്പോൾ പോലും സംഘടനയ്ക്കുള്ളിലെ പ്രശ്നങ്ങൾ കോൺഗ്രസിന് തിരിച്ചടിയാകുമോ എന്ന ആശങ്ക അണികൾക്ക് ഇടയിൽ വലിയ രീതിയിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ ആ ആശങ്കയെ ഇന്നലെ വേരോടെ പിഴുതെറിഞ്ഞിരിക്കുകയാണ് അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി. നേതാക്കൾക്ക് ഇടയിലെ അഭിപ്രായ വ്യത്യസ്‌തകളും, ആശയ ഭിന്നതകളും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും തന്നെ നേരിട്ട് ഇടപെട്ട് പരിഹരിച്ചു എന്ന് തോന്നിപ്പിക്കുന്ന പ്രതികാരങ്ങളാണ് ഇന്നലത്തെ മീറ്റിംഗിന് ശേഷം നേതാക്കളിൽ നിന്നുണ്ടായത്. സംഘടനയ്ക്ക് ഉള്ളിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഒരുമയോടെ തിരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സജ്ജവാവുമ്പോൾ ഇടതുപക്ഷത്തിന്റെ ഭരണത്തുടർച്ച എന്ന പി.ആർ നാടകത്തിന് പൂർണമായും തിരശീല വീഴുകയാണ്.
> മാറുന്ന സമീപനങ്ങളും സമവാക്യങ്ങളും
സംഘടനയ്ക്കുള്ളിലെ വിമർശങ്ങളിലൂടെയും വിയോജിപ്പുകളായിലൂടെയും ശക്തിപ്പെടുന്ന ജനാധിപത്യ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ പലപ്പോഴും മാധ്യമങ്ങൾക്ക് മുന്നിൽ അഭിപ്രായ വ്യത്യാസങ്ങൾ പ്രകടമാക്കുന്നതിനെ ‘തമ്മിലടി’ എന്ന് ചാപ്പയടിച്ച് ജനങ്ങൾക്ക് മുന്നിൽ ഇടത് അനുകൂല മാധ്യങ്ങൾ അവതരിപ്പിക്കുന്നത് പാർട്ടിക്ക് ഏറെ ദോഷം ചെയ്യുന്നുണ്ട് എന്ന് മനസിലാക്കിയ നേതൃത്വം സമീപനത്തിൽ വ്യക്തമായ മാറ്റങ്ങൾ കൊണ്ടുവരുന്നതായി നമുക്ക് കാണാൻ കഴിയും. കെ.പി.സി.സി പുനഃസംഘടന സംബന്ധിച്ച് ഇടതു അനുകൂല മാധ്യമങ്ങൾ ഓരോ കഥപടച്ച് വിട്ടതല്ലാതെ നേതാക്കളിൽ നിന്ന് ഇതുസംബന്ധിച്ച് ഏതൊരു പ്രസ്താവനകളും പൊതുമധ്യത്തിൽ ഉണ്ടായിട്ടില്ല എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
പിണറായി വിജയനെ ഉയർത്തി കാട്ടി ഇടതുപക്ഷം പ്രചരണം നടത്തുമ്പോൾ കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത് പരിചയസമ്പത്തും, യുവത്വവും ചേർന്ന ഒരുമയുള്ള ഒരു നേതൃത്വ നിരയെയാണ്. പിണറായി സ്തുതിയിൽ മാത്രം അഭിരമിയ്ക്കുന്ന ഇടതുപക്ഷത്തിന് കരുത്തുറ്റ ഈ നേതൃത്വനിരയോട് പോരടിച്ച് നിൽക്കുക എന്നത് എളുപ്പം കഴിയുന്ന കാര്യമല്ല. വരും ദിവസങ്ങളിൽ സർക്കാരിനെതിരായ രാഷ്ട്രീയ സമരങ്ങളെ കോൺഗ്രസ് കൂടുതൽ ശക്തമാക്കും എന്ന് നിസംശയം പറയാം.
> പിഎം ശ്രീയിൽ തുറന്നുകാട്ടപ്പെട്ട സിപിഎം – ബിജെപി ബാന്ധവം
ഇന്നലെവരെ ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെയും പിഎം ശ്രീക്കെതിരെയും മുഷ്ടി ചുരുട്ടി മുദ്രാവാക്യം വിളിച്ചവർ ഇന്ന് അതെല്ലാം മറന്ന് അതേ നയങ്ങൾക്ക് ഹസ്തദാനം നൽകുമ്പോൾ അവിടെ തുറന്നുകാട്ടപ്പെടുന്നത് ഇടതുപക്ഷത്തിന്റെ കപട സമീപനം തന്നെയാണ്. ആർ.എസ്.എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെ സംരക്ഷിക്കൽ, തൃശൂർ ലോക്സഭാ തിരഞ്ഞെടുപ്പ് അട്ടിമറിയിലെ മൗനം എന്നീ വിഷയങ്ങളിൽ തുടങ്ങി പിഎം ശ്രീയിൽ ഒപ്പുവച്ചത് കൂടിയാകുമ്പോൾ സിപിഎം – ബിജെപി ബാന്ധവം എന്ന പ്രതിപക്ഷ ആരോപണം അക്ഷരംപ്രതി ശരിയാണ് എന്ന് മതേതര കേരളം തിരിച്ചറിയുന്നുണ്ട്. സിപിഎം 1500 കോടി രൂപയുടെ പേര് പറഞ്ഞ് ഒഴിഞ്ഞ് മാറാൻ ശ്രമിക്കുമ്പോൾ അതിനെ തള്ളിപറഞ്ഞ് ആദ്യം എത്തുന്നത് ഇടതു സഖ്യകക്ഷിയായ സിപിഐ ആണെന്നുള്ളത് പൊതുജനത്തിന് യാഥാർഥ്യത്തെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നുണ്ട്.
> ശബരിമയിലെ സ്വർണക്കൊളള
‘അയ്യപ്പന്റെ സ്വർണം കട്ടു’ എന്നത് ഭക്തർക്ക് വൈകാരികമായ വിഷയമാണ്. വെള്ളാപ്പള്ളി നടേശൻമാരെ കൊണ്ട് അഭിപ്രായങ്ങൾ പറയിച്ച് സംസ്ഥാന സർക്കാർ വിഷയം മാറ്റാൻ ശ്രമിച്ചുവെങ്കിലും വിശ്വാസ സമൂഹം ഈ കൊള്ള മറക്കുകയോ, കൊള്ളനടത്തിയവർക്കും അതിനു കൂട്ടുനിന്നവർക്കും മാപ്പുകൊടുക്കയോ ഇല്ല. ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തമാക്കുമ്പോൾ ഈ വിഷയത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒരു തരത്തിലും സർക്കാരിന് കഴിയുകയില്ല.
> പി.ആർ പരിപാടികളും സമരങ്ങൾ
കേരളത്തിലെ സാമൂഹിക – രാഷ്ട്രീയ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുക എന്നതിനേക്കാൾ മുഖം മിനുക്കുന്ന പി.ആർ പരിപാടികളോടാണ് സർക്കാരിന് താല്പര്യം. മറ്റെന്തിനേക്കാളും മെസ്സിയുടെ കേരളത്തിലേക്കുള്ള വരവിനെ സർക്കാർ ആഘോഷമാക്കിയത് അതിനാൽ തന്നെയാണ്, എന്നാൽ ഇപ്പോൾ മെസ്സി നവംബറിൽ കേരളത്തിൽ വരുന്നില്ല എന്ന് മാത്രമല്ല മെസ്സിയുടെ വരവുമായി ബന്ധപ്പെട്ട് സ്‌പോൺസറെ കണ്ടെത്തിയതിലും, സ്റ്റേഡിയ നവീകരണത്തിലും എല്ലാം വഴിവിട്ട കാര്യങ്ങൾ നടന്നുവെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഒരു ഭാഗത്ത് ദാരിദ്ര്യ വിമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം മഹാനടന്മാരെ അണിനിരത്തി സർക്കാർ പ്രഖ്യാപിക്കുമ്പോൾ മറുഭാഗത്ത് പരിപാടിയിൽ പങ്കെടുക്കരുത് എന്നും ഈ പ്രഖ്യാപനം മഹാനുണയാണ് എന്നും ചൂണ്ടിക്കാണിച്ച് മഹാനടന്മാർക്ക് കത്തെഴുതുന്നത് സെക്രട്ടറിയേറ്റിന് മുന്നിൽ മാസങ്ങളായി സമരം ചെയ്യുന്ന ആശാ പ്രവർത്തകരാണ്. ഇത്തരത്തിൽ സർക്കാർ മുഖം മിനുക്കാനായി ഓരോ പരിപാടികളും കോൺക്ലേവുകളും സംഘടിപ്പിക്കുമ്പോൾ മറുഭാഗത്ത് ഇതിനൊക്കെ പിന്നിലെ യാഥാർഥ്യം എന്താണെന്ന് ജനങ്ങൾ മനസിലാക്കുന്നുണ്ട്.
> സുശക്തം യു.ഡി.എഫ്
നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കരുത്താർജിക്കുന്ന ഒരു കോൺഗ്രസിനെയാണ് നാം കാണുന്നത്. 100 സീറ്റിലധികം നാം നേടുമെന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിപക്ഷ നേതാവ് പറയുമ്പോൾ അത് അണികൾക്ക് വലിയ ആത്മവിശ്വാസമാണ് പകർന്ന് നൽകുന്നത്. കേരളത്തിലെ രാഷ്ട്രീയ കാര്യങ്ങളിൽ ഹൈക്കമാൻഡിന്റെ നേരിട്ടുള്ള നിരീക്ഷണം ഉണ്ടെന്നത് സംസ്ഥാനത്തെ സംഘടയ്ക്ക് അച്ചടക്കസ്വഭാവം നൽകുന്നുണ്ട്. ഭരണ വിരുദ്ധവികാരവും, മുന്നണിയ്ക്കുള്ളിലെ പ്രശ്നങ്ങളുമായി പ്രതിസന്ധിയിൽ ഇടതുപക്ഷം കുഴയുമ്പോൾ മറുഭാഗത്ത് ഐക്യത്തോടെ ഐക്യജനാധിപത്യ മുന്നണി അണിനിരക്കുമ്പോൾ കേരളം ഭരണമാറ്റത്തെ സ്വാഗതം ചെയ്യാനുള്ള സാധ്യതയാണ് നിലവിൽ സംസ്ഥാനത്തുള്ളത്.















































