തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. സർക്കാർ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനൽകി. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങൾ കരയാതിരിക്കാൻ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്.
ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച അര മണിക്കൂർ നീണ്ടു. കേസിൽ അപ്പീൽ നൽകാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരിൽകണ്ടത്.
അതേസമയം തന്നെ ആക്രമിച്ച കേസിൽ മൗനം വെടിഞ്ഞ് പ്രതികരിച്ചിരുന്നു. എട്ടു വർഷം ഒമ്പത് മാസം 23 ദിവസങ്ങൾ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നുവെന്നായിരുന്നു അതിജീവിത കേസിൽ വിധി വന്ന് ദിവസങ്ങൾക്കുശേഷം പ്രതികരിച്ചത്. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസിലായിരുന്നുവെന്നും അതിജീവിത കുറിച്ചു. ഒപ്പം പോരാട്ടം മുന്നോട്ടുപോകുമെന്ന സൂചനയും നടി നൽകി.
















































