ചോറ്റാനിക്കര: പോക്സോ കേസിലെ അതിജീവിതയായ പെൺകുട്ടി മരിച്ച കേസിൽ തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താൻ സാധ്യതയില്ലെന്നു സൂചന. ഇക്കാര്യം സംബന്ധിച്ചിച്ച് പോലീസ് നിയമോപദേശം തേടി. അടുപ്പക്കാരനായിരുന്ന പ്രതിയുടെ മർദനം സഹിക്കാനാകാതെയാണു പെൺകുട്ടി ഫാനിൽ കെട്ടിത്തൂങ്ങിയത്. ഇതുകണ്ട പ്രതി ഷോൾ അറുത്ത് താഴെയിടുകയായിരുന്നു. പിന്നീട് കഴുത്തിൽ ഷാൽ മുറുക്കിയെന്ന് പ്രതി തന്നെ സമ്മതിക്കുകയും ചെയ്തു. എന്നാൽ മരണകാരണം കെട്ടിത്തൂങ്ങിയതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു കൊലക്കുറ്റം ഒഴിവാക്കാൻ പോലീസ് തീരുമാനിച്ചത്.
അതേസമയം മരണത്തിനു മുൻപു പെൺകുട്ടിക്കു ക്രൂരമായ മർദനമേറ്റിട്ടുണ്ട്. തല ഭിത്തിയിലിടിക്കുകയും മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് പെൺകുട്ടി നേരിട്ട മർദനത്തിന്റെ വിവരങ്ങൾ പോലീസിനു ലഭിച്ചത്. ലൈംഗിക അതിക്രമത്തിനും ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ കഴുത്തിൽ കുരുക്കിട്ടതിനെ തുടർന്നുണ്ടായ പരുക്കാണ് മരണകാരണമെന്നതും കെട്ടിത്തൂങ്ങാൻ ശ്രമിച്ചപ്പോൾ പ്രതി ഷാൾ മുറിച്ചു താഴെയിട്ടു എന്നതുമാണ് കൊലക്കുറ്റം ചുമത്താതിരിക്കാനുള്ള കാരണമായി പോലീസ് പറയുന്നത്.
എഫ്ഐആറിൽ പ്രതിക്കെതിരെ വധശ്രമവും ബലാൽസംഗവും അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. റിമാൻഡിൽ കഴിയുന്ന പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ പൊലീസ് തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കും. പെൺകുട്ടിയുടെ സംസ്കാരം തൃപ്പൂണിത്തുറ നടമേൽ മർത്തമറിയം യാക്കോബായ പള്ളിയിൽ നടത്തി. അനൂപ് ജേക്കബ് എംഎൽഎ അടക്കം ഒട്ടേറെ ജനപ്രതിനിധികൾ വീട്ടിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. സംഭവം നാടിന് അപമാനമാണെന്നു മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ പറഞ്ഞു.