തിരുവനന്തപുരം∙ ഹിയറിങ്ങിന് എൻ.പ്രശാന്ത് മുന്നോട്ടുവച്ച നിബന്ധനകൾ തള്ളി ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ. ഹിയറിങ് റെക്കോര്‍ഡ് ചെയ്യണമെന്നും ലൈവ് സ്ട്രീം ചെയ്ത് പൊതുമധ്യത്തിൽ കാണിക്കണമെന്നുമുള്ള എൻ.പ്രശാന്തിന്റെ ആവശ്യം സാധ്യമല്ലെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഏപ്രിൽ 16ന് വൈകിട്ട് 4.30ന് ഹിയറിങിന് ഹാജരാകാനാണ് ചീഫ് സെക്രട്ടറി എൻ. പ്രശാന്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹിയറിങിന്‍റെ ഓഡിയോയും വിഡിയോയും റെക്കോര്‍ഡ് ചെയ്യണം, തത്സമയ സ്ട്രീമിങ് വേണം എന്നീ ആവശ്യങ്ങൾ അസാധാരണമാണെന്നാണ് ചീഫ് സെക്രട്ടറിയുടെ നിലപാട്. വിഡിയോ ഓഡിയോ റെക്കോർഡിങ്ങും സാധ്യമല്ല. വകുപ്പ് തല നടപടിയുടെ ഭാഗമായി രണ്ടു ഉദ്യോഗസ്ഥർ സംസാരിക്കുന്നത് എങ്ങനെ ലൈവ് സ്ട്രീമിങ് നടത്തുമെന്നാണ് ചീഫ് സെക്രട്ടറിയുടെ ചോദ്യം. ഹിയറിങ്ങിനു ഹാജരായാൽ ചട്ട പ്രകാരമുള്ള നടപടി പൂർത്തീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.പൊതുതാല്‍പര്യം പരിഗണിച്ചാണ് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതെന്നാണ് പ്രശാന്ത് പറയുന്നത്.
തന്നെ കേള്‍ക്കാൻ ചീഫ് സെക്രട്ടറി തയാറാകണമെന്നാവശ്യപ്പെട്ട് പ്രശാന്ത് നേരത്തെ കത്ത് നൽകിയിരുന്നു. നോട്ടിസിനു മറുപടിയായി പ്രശാന്ത് നിരവധി കത്തുകൾ ചീഫ് സെക്രട്ടറിക്കു നൽകിയിരുന്നു. എന്നാൽ സർക്കാർ തലത്തിൽ മറുപടി ഉണ്ടായിരുന്നില്ല. എൻ പ്രശാന്തിന്റെ വാദങ്ങളെ ചീഫ് സെക്രട്ടറി തള്ളുന്നതോടെ ഹിയറിങിനു ഹാജരാകുമോ എന്നാണ് ഇനി അറിയേണ്ടത്. ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ പ്രശാന്ത് ഇപ്പോൾ സസ്പെൻഷനിലാണ്.