മുംബൈ: രാഷ്ട്രീയ സങ്കീര്‍ണതകള്‍ക്കിടെ ബിജെപിയെ നയിക്കാന്‍ മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രി അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കാന്‍ രംഗത്തുവരുന്നു. മുംബൈ എംഎല്‍എയും മുന്‍മന്ത്രിയുമായ രവീന്ദ്ര ചവാന്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കു മത്സരിക്കുന്നതിനു നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
അതേസമയം ഇന്നു വൈകിട്ടോടെ ചവാനെ സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നിലവിലെ സംസ്ഥാന അധ്യക്ഷനും മന്ത്രിയുമായ ചന്ദ്രശേഖര്‍ ബവന്‍കുളെ എന്നിവരുടെ സാന്നിധ്യത്തില്‍ കേന്ദ്രമന്ത്രി കിരണ്‍ റിജിജുവിനാണ് പത്രിക സമര്‍പ്പിച്ചത്. താനെ മേഖലയിലെ ബിജെപിയുടെ പ്രധാനമുഖങ്ങളില്‍ ഒരാളായ ചവാന്‍ ഡോംബിവ്ലിയില്‍നിന്നുള്ള എംഎല്‍എയാണ്. നാലാം തവണയാണ് ഇവിടെനിന്ന് വിജയിച്ചത്. നിലവില്‍ മഹാരാഷ്ട്രയിലെ ബിജെപിയുടെ വര്‍ക്കിങ് പ്രസിഡന്റായി സേവനമനുഷ്ടിക്കുകയാണ് ചവാന്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പായിത്തന്നെ സംസ്ഥാന പ്രസിഡന്റാക്കാനുള്ള തീരുമാനത്തിനുപിന്നാലെയാണ് ചവാന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
മഹായുതി അധികാരത്തില്‍ വന്നപ്പോള്‍ ഒരു പ്രമുഖ മറാത്ത മുഖമായി സഹമന്ത്രിയും ലോക്സഭാ എംപിയുമായ മുരളീധര്‍ മോഹലിനൊപ്പം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി സാധ്യതയുള്ളവരില്‍ അദ്ദേഹത്തിന്റെ പേരും ഉള്‍പ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നതിലും ഫഡ്നാവിസ് മന്ത്രിസഭയില്‍ മന്ത്രി സ്ഥാനം നേടുന്നതിലും പരാജയപ്പെട്ടതിനുപിന്നാലെ ഒരു ആശ്വാസമെന്ന നിലയില്‍, മഹാരാഷ്ട്ര ബിജെപി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെ കീഴില്‍ അദ്ദേഹത്തെ ബിജെപിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി നിയമിക്കുകയായിരുന്നു.