റോഹ്തക്, ഹരിയാന: ഹരിയാനയിലെ റോത്തക്കില്‍ വനിതാ കോണ്‍ഗ്രസ് പ്രവര്‍ത്തകയെ കൊലപ്പെടുത്തി മൃതദേഹം ഒരു സ്യൂട്ട്‌കേസിനുള്ളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ഹിമാനി നര്‍വാള്‍ എന്ന യുവതിയെയാണ് സുഹൃത്ത് കൂടിയായ സച്ചിന്‍ കൊലപ്പെടുത്തിയത്. സംഭവത്തിനുശേഷം വിജനമായ റോഡിലൂടെ പ്രതി യുവതിയെ വെട്ടിനുറുക്കി കഷണങ്ങളാക്കി ഉപേക്ഷിച്ച സ്യൂട്ട് കേസില്‍ വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഈ സ്യൂട്ട് കേസ് റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകുന്നതിന്റെ നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ശനിയാഴ്ച രാത്രി 10.16 ഓടെ മുഖംമൂടി ധരിച്ച ഒരാള്‍ കറുത്ത ലഗേജ് വലിച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. ഹരിയാനയിലെ റോഹ്തക്കിലെ ഒരു ബസ് സ്റ്റാന്‍ഡിന് സമീപത്തുനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
പ്രതിയായ സച്ചിന്‍ ഇരയുടെ സുഹൃത്താണെന്ന് പൊലീസ് പറയുന്നു. ഫെബ്രുവരി 28 ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായിരുന്നു. കേസില്‍ ഇന്ന് രാവിലെയാണ് പ്രതി സച്ചിനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
ഹിമാനിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ശേഷം സച്ചിന്‍ അവളുടെ ആഭരണങ്ങളും ലാപ്ടോപ്പും എടുത്ത് തന്റെ കടയില്‍ ഒളിപ്പിക്കാന്‍ സ്‌കൂട്ടറില്‍ ജജ്ജാറിലേക്ക് പോയി,’ അഡീഷണല്‍ ഡിജിപി കെ കെ റാവു മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അന്വേഷണം തടയാന്‍ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപം ഇറങ്ങിയതായും ഓട്ടോറിക്ഷ പോയ ഉടന്‍ സ്യൂട്ട്കേസ് ഉപേക്ഷിച്ചതായും പൊലീസ് പറഞ്ഞു. പ്രതിയെ അറസ്റ്റ് ചെയ്യുന്നതുവരെ ഹിമാനിയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അവളുടെ കുടുംബം വിസമ്മതിച്ചിരുന്നു.
കൊലപാതകക്കേസിലെ അന്വേഷണത്തെക്കുറിച്ച് റോഹ്തക് പോലീസ് സൂപ്രണ്ടുമായി സംസാരിച്ചതായി മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിംഗ് ഹൂഡ ഞായറാഴ്ച പറഞ്ഞു.