കൊച്ചി: അമ്മയുടെ പുതിയ സാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിനിടെ നടി ശ്വേതാ മേനോനെതിരെ കേസ്. സാമ്പത്തിക ലാഭത്തിനു വേണ്ടി സിനിമയിൽ അശ്ലീല രംഗങ്ങളിൽ അഭിനയിച്ചെന്ന പരാതിയിൽ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രൽ പോലീസാണ് നടിക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊതുപ്രവർത്തകനായ മാർട്ടിൻ എന്നയാളുടെ പരാതിയിൽ എറണാകുളം സിജെഎം കോടതിയുടെ നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
നടിക്കെതിരെ എഫ്ഐആറിൽ ആരോപിച്ചിരിക്കുന്നത് അശ്ലീല സിനിമകളിൽ അഭിനയിച്ചു, നഗ്നമായി അഭിനയിച്ച രംഗങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെയും അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ്. അനാശാസ്യ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അതേസമയം അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിനിടെയാണ് പുതിയ കേസെടുത്തിരിക്കുന്നത്. നിലവിൽ പ്രസിഡന്റ് സ്ഥാനത്തേക്കു ശ്വേതയുടേയും നടൻ ദേവന്റേയും പേരുകളാണ് ഉയരുന്നത്. നടൻ ബാബുരാജ് മത്സര രംഗത്തെത്തിയപ്പോൾ ആരോപണ വിധേയർ മാറിനിൽക്കണമെന്ന ആവശ്യം സംഘടനയ്ക്കിടയിൽ നിന്നും ഉയർന്നിരുന്നു. ഇതോടെ താൻ മത്സര രംഗത്തുനിന്ന് പിന്മാറുകയാണെന്ന് ബാബുരാജ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ച ശേഷം പത്രിക പിൻവലിക്കുകയായിരുന്നു.