ഹൈദരാബാദ്: വ്യാജ മാട്രിമോണിയൽ പ്രൊഫൈൽ വഴി സഹോദരനും സഹോദരിയും എൻആർഐ യുവാവിനെ പറ്റിച്ച് കൈക്കലാക്കിയത് 2.68 കോടി രൂപ. ഒരു ഇന്ത്യൻ മാട്രിമോണിയൽ വെബ്‌സൈറ്റിൽ നിന്നാണ് യുവാവ് ഈ പ്രൊഫൈൽ കണ്ടെത്തിയത്.യു എസ് ആസ്ഥാനമായിട്ടുള്ള ഒരു സോഫ്റ്റ്‍വെയർ എഞ്ചിനീയറാണ് യുവാവ്. നോർത്ത് കരോലിനയിലാണ് ഇയാൾ ജോലി ചെയ്യുന്നത്. ആന്ധ്രപ്രദേശിൽ നിന്നുള്ള സഹോദരനും സഹോദരിയും ചേർന്നാണ് ഇയാളെ പറ്റിച്ചത്. ഇൻസ്റ്റഗ്രാമിലുള്ള ഒരു മോഡലിന്റെ ചിത്രം വച്ചാണ് ഇവർ മാട്രിമോണിയൽ പ്രൊഫൈൽ തുടങ്ങിയത്.
ഇൻഡോർ ക്രൈം ബ്രാഞ്ച് പറയുന്നതനുസരിച്ച്, സിമ്രാൻ ജെസ്വാനി, സഹോദരൻ വിശാൽ ജെസ്വാനി എന്നിവർ ചേർന്നാണത്രെ ഒരു ഇൻസ്റ്റഗ്രാം മോഡലിന്റെ ഫോട്ടോ ഉപയോഗിച്ച് ബർഖ ജെസ്വാനി എന്ന പേരിൽ മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ തുടങ്ങിയത്. 2023 മാർച്ചിലാണ് ഇവർ യുഎസ്സിൽ എഞ്ചിനീയറായ വെങ്കട്ട് കലഗ എന്ന യുവാവുമായി ബന്ധപ്പെടുന്നത്. അധികം വൈകാതെ തന്നെ തട്ടിപ്പുകാർ യുവാവിന്റെ വിശ്വാസം നേടിയെടുത്തു. പിന്നീട് സംസാരം വാട്ട്സാപ്പിലായി. സംസാരിക്കുന്നതിനിടയിൽ, പ്രതികൾ അസുഖം, സാമ്പത്തികമായിട്ടുള്ള പ്രശ്‌നങ്ങൾ, വിദേശയാത്ര നടത്താനുള്ള പ്ലാൻ തുടങ്ങി വിവിധ കാരണങ്ങൾ പറഞ്ഞുകൊണ്ട് യുവാവിൽ നിന്നും പണം തട്ടുകയായിരുന്നു. 2023 ഏപ്രിലിനും 2024 ജൂണിനും ഇടയിൽ വെങ്കട്ട് പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള അക്കൗണ്ടുകളിലേക്ക് 2.68 കോടി രൂപയാണ് ട്രാൻസ്ഫർ ചെയ്തത്.
പിന്നീട്, വീഡിയോകോൾ വഴി യുവതിയോട് സംസാരിച്ചപ്പോഴാണ് താൻ കണ്ട സ്ത്രീയുടെ പ്രൊഫൈൽ ഫോട്ടോയുമായി വിളിക്കുന്നയാൾക്ക് യാതൊരു ചേർച്ചയും ഇല്ല എന്ന് മനസിലാകുന്നത്. ഇതോടെ യുവാവിന് സംശയം തോന്നുകയായിരുന്നു. തുടർന്ന് അയാൾ ഇൻഡോറിലേക്ക് എത്തുകയും ക്രൈംബ്രാഞ്ചിൽ പരാതി നൽകുകയും ചെയ്തു. പിന്നാലെ, പ്രതികളായ വിശാലിനും സിമ്രാനും എതിരെ ഇൻഡോർ പൊലീസ് സ്റ്റേഷൻ ക്രൈംബ്രാഞ്ചിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.
അന്വേഷണത്തെത്തുടർന്ന് സിമ്രാനെ ഇൻഡോറിൽ നിന്നും വിശാലിനെ അഹമ്മദാബാദിൽ നിന്നും അറസ്റ്റ് ചെയ്തു. ലോൺ അടയ്ക്കാനും കാറുകൾ വാങ്ങാനും വസ്ത്രങ്ങളുടെ ബിസിനസ് തുടങ്ങാനുമാണ് പ്രതി പണം ഉപയോഗിച്ചതെന്ന് ഇൻഡോർ ഡിസിപി (ക്രൈം ബ്രാഞ്ച്) രാജേഷ് ത്രിപാഠി പറഞ്ഞു.