ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവ് വിധിച്ച് ഡൽഹി കോടതിയുടെ ഉത്തരവ്. ലൈംഗികാതിക്രമത്തിന് പെൺകുട്ടികൾ മാത്രമാണ് ഇരകളാകുന്നത് എന്നത് ഒരു ‘മിഥ്യാധാരണ’ ആണെന്നും, ഈ ഹീനമായ കുറ്റകൃത്യത്തിന് ആൺകുട്ടികളും തുല്യമായി വിധേയരാകുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2019-ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട കേസിൽ വിധി പറയവെയായിരുന്നു കോടതിയുടെ നിരീക്ഷണം.
കോടതിയുടെ നിരീക്ഷണം ഇങ്ങനെ-
‘ലൈംഗികാതിക്രമത്തിന് പെൺകുട്ടികൾക്ക് മാത്രമേ ഇരയാകാൻ കഴിയൂ എന്നാണ് പൊതുവിൽ എല്ലാവരും വിലയിരുത്തുന്നത്. എന്നാൽ അതൊരു മിഥ്യാധാരണയാണ്. ലൈംഗിക പീഡനത്തിനും ചൂഷണത്തിനും പെൺകുട്ടികളെപ്പോലെ ആൺകുട്ടികളും ഇരയാകാൻ സാധ്യതയുണ്ട്. ലൈംഗികാതിക്രമം എന്ന ഹീനമായ കുറ്റകൃത്യത്തിന് ആൺകുട്ടികളും തുല്യമായി വിധേയരാകുന്നു എന്നാണ് ഇത്തരം സംഭവങ്ങൾ ചൂണ്ടിക്കാട്ടുന്നത്,’ ജൂലൈ 31-ന് പുറപ്പെടുവിച്ച ഉത്തരവിൽ കോടതി പറയുന്നു.
അതേസമയം പോക്‌സോ നിയമത്തിലെ സെക്ഷൻ 6 (ഗുരുതരമായ ലൈംഗികാതിക്രമം), ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 377 (അസ്വാഭാവിക കുറ്റകൃത്യങ്ങൾ) എന്നിവ പ്രകാരം കേസിലെ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ഇയാളുടെ ശിക്ഷ സംബന്ധിച്ച വാദം കേൾക്കുന്നതിനിടയിലാണ് അഡീഷണൽ സെഷൻസ് ജഡ്ജ് അനു അഗർവാൾ ഇത്തരത്തിൽ ഒരു പ്രസ്താവന നടത്തിയത്.
ഇയാൾക്കു ജയിൽ ശിക്ഷയ്ക്ക് പുറമെ, ഒരു മാസത്തിനുള്ളിൽ അതിജീവിതന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും പ്രതിയോട് കോടതി ഉത്തരവിട്ടു. പ്രായപൂർത്തിയാകാത്ത അതിജീവിതന് 10.5 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു.
അതേസമയം വാദം കേൾക്കുന്നതിനിടെ, കുട്ടികൾക്കെതിരായ ലൈംഗികാതിക്രമത്തിന് ഇരയാകുന്നവരിൽ ഏകദേശം 54.68 ശതമാനം ആൺകുട്ടികളാണെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.വി. അരുൺ വാദിച്ചു. കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ റിപ്പോർട്ട് ഉദ്ധരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വാദം. ആൺകുട്ടികളും ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും പെൺകുട്ടികളുടേതിന് സമാനമായ കടുത്ത മാനസികാഘാതം അവർ അനുഭവിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നതായി അദ്ദേഹം കോടതിയിൽ ചൂണ്ടിക്കാട്ടി.
‘ലൈംഗികമായി പീഡിപ്പിക്കപ്പെട്ട ഒരു ആൺകുട്ടി അനുഭവിക്കുന്ന മാനസികാഘാതം, ലൈംഗികമായി പീഡിപ്പിക്കപ്പെട്ട മറ്റേതൊരു അതിജീവിത/ അതിജീവിതൻ അനുഭവിക്കുന്നതിന് തുല്യമാണ്. അവർ ഭയം, പഴയ ഓർമ്മകൾ (ഫ്‌ലാഷ്ബാക്കുകൾ) എന്നിവ അനുഭവിക്കുകയും പോസ്റ്റ്-ട്രോമാറ്റിക് സ്‌ട്രെസ് ഡിസോർഡറിന് വിധേയരാവുകയും ചെയ്യുന്നു,’ അഡ്വക്കേറ്റ് അരുൺ പറഞ്ഞു. പോക്‌സോ നിയമം ലിംഗഭേദമില്ലാതെ എല്ലാ കുട്ടികൾക്കും സംരക്ഷണം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുരുഷത്വത്തെ വൈകാരിക ശക്തിയുമായി തെറ്റായി ബന്ധിപ്പിക്കുന്ന സാമൂഹിക സാഹചര്യത്തിൽ, ലൈംഗികാതിക്രമം മൂലമുണ്ടാകുന്ന മാനസികാഘാതത്തെ നേരിടാൻ ആൺകുട്ടികൾക്ക് കൂടുതൽ ബുദ്ധിമുട്ടാണെന്നും കോടതി കൂട്ടിച്ചേർത്തു. ‘സാമൂഹികമായ ഈ കാഴ്ചപ്പാടുകൾ കാരണം, അവർക്ക് അപമാനം തോന്നാൻ തുടങ്ങുന്നു. തങ്ങൾ വേണ്ടത്ര ശക്തരല്ലെന്ന് അവർക്ക് തോന്നുന്നു. ഇത് കുട്ടിയുടെ മൊത്തത്തിലുള്ള മാനസികാരോഗ്യത്തെ ബാധിക്കുന്നു,’ കോടതി പറഞ്ഞു.