ഖാർത്തൂം: സുഡാനിലെ നോർത്ത് ദാർഫറിലെ എൽ ഫാഷർ നഗരത്തിൽ വിമതസേനയായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (RSF) നടത്തിയ കൂട്ടക്കൊലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. കെട്ടിക്കിടക്കുന്ന രക്തവും മൃതദേഹങ്ങളുടെ കൂമ്പാരവും ഉപഗ്രഹ ദൃശ്യങ്ങളിൽ തെളിഞ്ഞുകാണാം. യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിന്റെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ (HRL) റിപ്പോർട്ട് അനുസരിച്ച് സുഡാനിലെ എൽ ഫാഷറിലെ കൂട്ടക്കൊലയുടെ ഭീകരമായ ദൃശ്യങ്ങൾ ഉപഗ്രഹ ചിത്രങ്ങളിൽ പതിഞ്ഞിട്ടുണ്ട്.
നിലത്ത് തളംകെട്ടിക്കിടക്കുന്ന നിലയിൽ ദൃശ്യങ്ങളിൽ കാണുന്ന ചുവന്ന പാടുകൾ രക്തമാണെന്ന് കരുതപ്പെടുന്നു. കൂടാതെ മനുഷ്യശരീരങ്ങളോട് സാമ്യമുള്ള കൂമ്പാരവും ബഹിരാകാശത്തുനിന്ന് ദൃശ്യമാണ്. എസ്എഎഫിന്റെ സിക്‌സ്ത് ഡിവിഷൻ ആസ്ഥാനവും 157-ാം ആർട്ടിലറി ബ്രിഗേഡും ഉൾപ്പെടെ എൽ ഫാഷറിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ആർഎസ്എഫ് പിടിച്ചടക്കിയിട്ടുണ്ട്. ഒക്ടോബർ 27-ന് ആർഎസ്എഫ് വാഹനങ്ങളും ടാങ്കുകളും ഇവിടെ വിന്യസിച്ചിരിക്കുന്നതും ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാണ്.
അതേസമയം നഗരത്തിന്റെ അതിർത്തി ഭിത്തിക്ക് മുകളിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാരെ വിമതർ വെടിവെച്ചിടുകയായിരുന്നുവെന്ന് സോഷ്യൽ മീഡിയയിൽ വന്ന പോസ്റ്റുകളും പ്രാദേശിക റിപ്പോർട്ടുകളും രേഖപ്പെടുത്തുന്നു. സാധാരണക്കാർ അഭയം തേടിയിരുന്ന ദരാജ ഔല പരിസരത്ത് ആർഎസ്എഫ് വാഹനങ്ങൾ തെരുവുകൾ തടയുന്നതായും കാണാം. അഞ്ച് സ്ഥലങ്ങളിലെങ്കിലും ‘ചുവപ്പുകലർന്ന മണ്ണ്’ വിദഗ്ദ്ധർ തിരിച്ചറിഞ്ഞിട്ടുണ്ട്. മുൻചിത്രങ്ങളിൽ ഇല്ലാതിരുന്ന ഈ കൂട്ടങ്ങൾ നഗരത്തിന്റെ പ്രതിരോധ ഭിത്തിക്ക് സമീപമാണ് കാണപ്പെടുന്നത്. ഇത് രക്ഷപ്പെട്ടോടുന്ന താമസക്കാരെ വധിക്കുകയും കൊല്ലുകയും ചെയ്തു എന്ന റിപ്പോർട്ടുകളുമായി പൊരുത്തപ്പെടുന്നു.
ഒക്ടോബർ 27-ന് എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസ് എന്ന എയറോനോട്ടിക് കമ്പനി എടുത്ത ചിത്രങ്ങൾ പ്രകാരം നോർത്ത് ദാർഫറിലെ സുഡാനീസ് സായുധ സേനയുടെ (SAF) അവസാനത്തെ ശക്തികേന്ദ്രമായിരുന്ന നഗരം പിടിച്ചടക്കിയതിന് ശേഷം റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് നടത്തിയ കൂട്ടക്കൊലയുടെ തെളിവുകൾ ശക്തമാണ്. സെപ്റ്റംബറിൽ ആർഎസ്എഫ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ 78 പേർ കൊല്ലപ്പെട്ട സ്ഥലമായ അൽ സഫിയ മസ്ജിദിൽനിന്ന് 250 മീറ്റർ അടുത്ത് ദരാജ ഔലയിലാണ് ദാരുണമായ സംഭവം
അതേസമയം എൽ ഫാഷറിന്റെ പതനത്തോടെ സുഡാനിലെ സായുധകലാപം വിനാശകരമായ തരത്തിലേക്ക് മാറുകയാണെന്ന് നിരീക്ഷകർ കരുതുന്നു. 2023 ഏപ്രിലിലാണ് സുഡാനീസ് സായുധ സേനാ നേതാവ് ജനറൽ അബ്ദേൽ ഫത്താഹ് അൽ ബുർഹാനും ആർഎസ്എഫ് കമാൻഡർ മുഹമ്മദ് ഹംദാൻ ഡഗാലോയും തമ്മിൽ പിണങ്ങുന്നത്. ആഫ്രിക്കയിലെ മൂന്നാമത്തെ വലിയ സ്വർണ്ണ ഉത്പാദകരായ സുഡാനിലെ സ്വർണ്ണമാണ് ആർഎസ്എഫിന് ഇന്ധനം നൽകുന്നത്. ദാർഫറിലെ ഈ ഖനികൾ നിയന്ത്രിക്കുന്ന ആർഎസ്എഫ് യുഎഇയിലേക്ക് കടത്തി കോടികൾ സമ്പാദിക്കുന്നു. പകരം ആയുധങ്ങളും ഡ്രോണുകളും സംഘടിപ്പിക്കുന്നുവെന്നാണ് റിപ്പോർട്ട്.

















































