കണ്ണൂർ: സൗമ്യ വധക്കേസിൽ ജീവപര്യന്തം ശിക്ഷയ്ക്കു വിധിക്കുപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിലായിരുന്ന കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവത്തിൽ നിർണായക വിവരം പുറത്ത്. സെല്ലിന്റെ അഴികൾ മുറിക്കാനുപയോഗിച്ച ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാളെന്നാണ് ഗോവിന്ദച്ചാമിയുടെ വെളിപ്പെടുത്തൽ. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് ഗോവിന്ദചാമി ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതോടെ ആയുധം നൽകിയ ആളെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു. കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാo ബ്ലോക്കിൽ അതീവ സുരക്ഷയിലായിരുന്നു ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത്. സെല്ലിൽ ഒരു തടവുകാരൻ കൂടി ഉണ്ടായിരുന്നു. 2 കമ്പികൾ മുറിച്ചാണ് ഇന്ന് പുലർച്ചെ 4.15 ഓടെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. ജയിലിലെ നിർമ്മാണ പ്രവർത്തികൾക്കായി കൊണ്ടുവന്ന ബ്ലേഡാണ് കമ്പി മുറിക്കാനുപയോഗിച്ചത്. ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്ന 10-ാം ബ്ലോക്കിൻ്റെ ഒരുഭാഗത്ത് റിമാൻഡ് തടവുകാരുണ്ട്. തടവുകാർ ഉണക്കാൻ ഇട്ടിരുന്ന വസ്ത്രങ്ങളെടുത്താണ് രക്ഷപ്പെട്ടത്. വസ്ത്രങ്ങൾ പിരിച്ച് വടമാക്കി ജയിലിന്റെ പിൻ ഭാഗത്തുകൂടിയാണ് ഇയാൾ ജയിൽ ചാടിയത്.
പിന്നാലെ രാവിലെ 10.10 ഓടെ തളപ്പിലെ ആളൊഴിഞ്ഞ കെട്ടിടത്തിന് സമീപത്തെ കിണറ്റിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പിടികൂടിയത്. പലരും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടിച്ചത്. ആദ്യം ഒളിച്ചിരുന്ന കെട്ടിടത്തിൽ പോലീസ് വളഞ്ഞിരുന്നു. ഇതിനിടെ കെട്ടിടത്തിൽ നിന്ന് പുറത്തുചാടിയ ഗോവിന്ദചാമി അടുത്തുള്ള കിണറ്റിലേക്ക് ചാടി ഒളിക്കുകയായിരുന്നു. ഇവിടെ നിന്നുമാണ് ഇയാളെ പിടികൂടിയത്.