ന്യൂഡൽഹി: ഹരിയാനയിലെ ‘വോട്ട് ചോരി’ ആരോപണത്തിനൊപ്പം കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണൻ വെല്ലുവിളുക്കുന്ന വീഡിയോയും പ്രദർശിപ്പിച്ച് കോൺഗ്രസ് നേതാവും ലോക്‌സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. ഹരിയാനയിൽ 25 ലക്ഷത്തോളം വോട്ടുകളാണ് കൊള്ളയടിക്കപ്പെട്ടതെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപിയുടെ കേരളത്തിലെ ഉപാധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ തൃശൂർ ഇലക്ഷനിൽ വോട്ട് വിവാദ സമയത്ത് മാധ്യമങ്ങളോട് പറഞ്ഞ കാര്യവും പ്രദർശിപ്പിച്ചത്.
ഓഗസ്റ്റ് 22-ന് മാധ്യമങ്ങളോട് സംസാരിച്ചതിന്റെ വീഡിയോയാണ് രാഹുൽ കാണിച്ചത്. ജയിക്കാൻ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ പുറത്തുനിന്ന് ആളെ കൊണ്ടുവന്ന് താമസിപ്പിച്ച് വോട്ട് ചെയ്യിക്കാറുണ്ടെന്ന് ഗോപാലകൃഷ്ണൻ പറയുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.
‘ജയിക്കാൻ വേണ്ടി ഞങ്ങൾ വ്യാപകമായി വോട്ട് ചേർക്കും. ഞങ്ങൾ ജയിക്കാൻ ഉദ്ദേശിച്ച മണ്ഡലങ്ങളിൽ ജമ്മുകശ്മീരിൽനിന്ന് ആൾക്കാരെ കൊണ്ടുവന്ന് ഒരുവർഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും’, എന്നായിരുന്നു ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നത്. തൃശ്ശൂരിൽ സുരേഷ്‌ഗോപി വിജയിച്ചത് കള്ളവോട്ടിലൂടെയാണെന്നും മണ്ഡലത്തിന് പുറത്തുനിന്ന് ആളുകളെ എത്തിച്ച് വ്യാജവിലാസത്തിൽ അവരുടെ വോട്ട് ചേർത്തെന്നും ആരോപണമുയർന്ന വേളയിലായിരുന്നു ഗോപാലകൃഷ്ണന്റെ ഈ പ്രതികരണം.

















































