തിരുവനന്തപുരം: ഡോ ഹാരിസ് ചിറക്കലിനെ അനുകൂലിച്ച് സംസ്ഥാന സർക്കാരിനെ വിമർശിച്ചുക്കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ അബദ്ധം പിണഞ്ഞ് ബിജെപി നേതാവ് വി മുരളീധരൻ. ഹാരിസ് ചിറക്കലിനെ കഫീൽ ഖാനുമായി ഉപമിച്ചുക്കൊണ്ടായിരുന്നു മുരളീധരന്റെ പോസ്റ്റ്. എന്നാൽ പോസ്റ്റിന് താഴെ ‘യുപി ഭരിക്കുന്ന ബിജെപി സർക്കാരിനെ ട്രോളി കേരളത്തിലെ ബിജെപി നേതാവ്’ എന്ന വിധത്തിൽ പരിഹാസങ്ങൾ നിറഞ്ഞതോടെ മുരളീധരൻ പോസ്റ്റ് തിരുത്തൽ വരുത്തി.
‘കേരളത്തിലെ കഫീൽ ഖാനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻരക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്നായിരുന്നു ആദ്യം വി മുരളീധരൻ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ ഗോളടിച്ചത് സ്വന്തം പോസ്റ്റിലേക്കാണെന്ന് നേതാവിന് മനസിലായത് പോസ്റ്റിനു താഴെ പരിഹാസ കമെന്റുകൾ നിറഞ്ഞതോടെയാണ്. ഇതോടെ ‘ഡോ. ഹാരിസ് ചിറക്കലിനെ കള്ളക്കേസിൽ ജയിലിൽ അടയ്ക്കാനാണ് പിണറായിയുടെ നീക്കം. കേരള സ്റ്റോറിക്ക് പുരസ്‌കാരം ലഭിച്ചതിൽ ആശങ്കപ്പെടുന്ന മുഖ്യമന്ത്രിക്ക് ഇത്രയേറെ മനുഷ്യരുടെ ജീവൻ രക്ഷിച്ച ഡോക്ടറെക്കുറിച്ച് ഒരു കരുതലുമില്ലേ എന്നാണ് ചോദിക്കാനുള്ളത്.’ എന്ന് പോസ്റ്റ് തിരുത്തി.
കഫീൽ ഖാൻ ഉത്തർപ്രദേശിലെ ഗോരഖ്പുറിലെ ഗൊരഖ്പുർ ബാബാ രാഘവ് ദാസ് (ബിആർഡി) മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ധനായിരുന്നു. 2017ൽ ബിആർഡി മെഡിക്കൽ കോളേജിൽ ഓക്സിജൻ കിട്ടാതെ 63 നവജാത ശിശുക്കൾ മരിച്ച സംഭവത്തിൽ കുറ്റം ചുമത്തി അദ്ദേഹത്തെ ഉത്തർപ്രദേശ് സർക്കാർ സർവീസിൽ നിന്നും പിരിച്ചുവിടുകയായിരുന്നു. സർക്കാർ യഥാസമയം പണം നൽകാതിരുന്നതാണ് ഓക്സിജൻ വിതരണം തടസപ്പെട്ടതിന് പിന്നിലെന്ന് കഫീൽ ഖാനും സഹ ഡോക്ടർമാരും ആരോപണം ഉന്നയിച്ചിരുന്നു. യോഗി സർക്കാരിനെതിരെ ഗുരുതര ആരോപണമുയർന്നതിന് പിന്നാലെ കഫീൽ ഖാനെതിരെ പോലീസ് കേസെടുക്കുകയും 2021ൽ സർവീസിൽ നിന്ന് പിരിച്ചുവിടുകയുമായിരുന്നു. ഈ കാഫീൽ ഖാനെയാണ് മുരളീധരൻ അബദ്ധത്തിൽ തന്റെ പോസ്റ്റിൽ ഉപയോഗിച്ചത്.

















































