കൊച്ചി: പകുതി വിലയ്ക്ക് ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും നൽകുമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയതായുള്ള പരാതികൾ ഏല്ലാ ജില്ലകളിൽ നിന്നും വരാൻ തുടങ്ങിയതിനു പിന്നാലെ അഡ്വാൻസ് തുക തിരികെ നൽകി ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ ചെയർമാനായ സൊസൈറ്റി. ഇടപ്പള്ളിയിലെ ഓഫീസിലെത്തുന്നവർക്ക് 13-ാം തീയതി രേഖപ്പെടുത്തിയ ചെക്കാണ് സൊസൈറ്റി നൽകുന്നത്.
കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി അനന്തു കൃഷ്ണന് എഎൻ രാധാകൃഷ്ണനുമായി ബന്ധമുണ്ടെന്ന് നേരത്തെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് നടപടി. ബിജെപി സംസ്ഥാന ഉപാധ്യക്ഷനായ എഎൻ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള സൈൻ സൊസൈറ്റി വഴി ഇരുചക്രവാഹനങ്ങളും വീട്ടുപകരണങ്ങളും വിതരണം ചെയ്തിരുന്നു. ഇതിന് അഡ്വാൻസായി വാങ്ങിയ തുകയാണ് തിരിച്ചുനൽകുന്നത്. മാർച്ചിനുള്ളിൽ വാഹനം ലഭ്യമാക്കാമെന്ന് സൊസൈറ്റി ഉറപ്പു നൽകുന്നുണ്ടെങ്കിലും വിവാദങ്ങളുടെ പശ്ചാത്തലത്തിൽ സ്‌കൂട്ടറിനായി അപേക്ഷിച്ചവർ പണം തിരികെ വാങ്ങുകയാണ്.
ആദ്യഘട്ടത്തിൽ അപേക്ഷകർക്ക് കൃത്യമായി പറഞ്ഞ സാധനങ്ങൾ വിതരണം ചെയ്തിരുന്നു. എന്നാൽ പിന്നീട് പലർക്കും ഇവ ലഭിക്കുന്നതിൽ കാലതാമസമുണ്ടായി. ഒരുവർഷം വരെ കാത്തിരുന്നിട്ടും പലർക്കും സ്‌കൂട്ടറുകൾ ലഭിച്ചില്ല. വിവാദങ്ങൾക്ക് പിന്നാലെയാണ് അടച്ച പണം തിരികെ നൽകാൻ സൈൻ സൊസൈറ്റി തയ്യാറായത്. ഇതോടെ ആളുകൾ കൂട്ടമായി പണം തിരികെ വാങ്ങാൻ എത്തിത്തുടങ്ങി. എറണാകുളം ജില്ലയുടെ പലഭാഗത്തുനിന്നുള്ളവർ സൈനിന്റെ ഇടപ്പള്ളിയിലുള്ള ഓഫിസിലേക്ക് എത്തുന്നുണ്ട്. സ്‌കൂട്ടറിനായി നൽകിയ തുകയ്ക്ക് തുല്യമായ ചെക്കാണ് സൊസൈറ്റി ഇപ്പോൾ നൽകുന്നത്.