ബംഗളൂരു: ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിജയാഹ്ലാദത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ മരിച്ച സംഭവത്തില്‍ കര്‍ണാടക സര്‍ക്കാരിനെതിരെ ബിജെപി. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരമായി 10 ലക്ഷം രൂപയാണ് കര്‍ണാടക സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
കേരളത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 25 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്. ബംഗലൂരു ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 50 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കണമെന്ന് ബിജെപി കര്‍ണാടക സംസ്ഥാന പ്രസിഡന്റ് ബി വൈ വിജയേന്ദ്ര ആവശ്യപ്പെട്ടു. ഐപിഎല്‍ ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗലൂരു ടീമിന്റെ ഉടമകളും ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരം നല്‍കണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാനാകാതെ ദുരന്തത്തില്‍ കലാശിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രിയും രാജിവെയ്ക്കണമെന്നും വിജയേന്ദ്ര ആവശ്യപ്പെട്ടു.
കളിക്കാര്‍ താജ് വെസ്റ്റ് എന്‍ഡ് ഹോട്ടലില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പുതന്നെ, ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം തിക്കും തിരക്കും ഉണ്ടായിരുന്നു. അത്തരമൊരു സമയത്ത്, ആഘോഷങ്ങളുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കിയത് എന്തിനാണെന്ന് വിജയേന്ദ്ര ചോദിച്ചു.



















































