ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറിയായി രണ്ടാം തവണയും ബിനോയ് വിശ്വം. ആലപ്പുഴയിൽ ചേർന്ന സംസ്ഥാന സമ്മേളനത്തിലാണ് വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുത്തത്. കാനം രാജേന്ദ്രന്റെ നിര്യാണത്തെ തുടർന്നാണ് 2023 ഡിസംബറിൽ ബിനോയ് വിശ്വം സംസ്ഥാന സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റംഗവും എഐടിയുസി വർക്കിങ് പ്രസിഡന്റുമാണ്.
സമ്മേളനത്തിൽ ഇസ്മയിൽ പക്ഷവും കെ. പ്രകാശ് ബാബു അനുകൂലികളും സെക്രട്ടറി സ്ഥാനത്തേക്ക് മറ്റാരെയും നിർദേശിച്ചില്ല. തിരുത്തേണ്ട കാര്യങ്ങൾ തിരുത്താൻ തയാറാണെന്നും അക്കാര്യത്തിൽ പിടിവാശി ഇല്ലെന്നും ബിനോയ് വിശ്വം സമ്മേളനത്തിൽ പറഞ്ഞു. തൃശൂരിലുണ്ടായ പരാജയം വലിയ മുറിവാണ്. ജാഗ്രതക്കുറവ് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം തുടരെത്തുടരെ കുറ്റപ്പെടുത്തുന്ന കെഇ ഇസ്മയിലിനെതിരെ ബിനോയ് വിശ്വം പ്രതികരിച്ചു. ‘ഇസ്മയിലിനു മുന്നിൽ വാതിൽ അടയ്ക്കില്ല. എന്നാൽ അത് അകത്തു കയറ്റലുമല്ല. അദ്ദേഹം പാർട്ടിയെ തുടർച്ചയായി കുറ്റപ്പെടുത്തുന്നു. വേദിയിൽ ഇരിക്കാൻ ഇസ്മയിൽ യോഗ്യനല്ല. ഇസ്മയിൽ മാത്രമല്ല പാർട്ടിയുണ്ടാക്കിയത്. നിരവധി നേതാക്കളുടെ ചോരയാണ് ഈ പാർട്ടി. ഇസ്മയിൽ തെറ്റുതിരുത്തിയാൽ വാതിൽ തുറക്കും. അല്ലെങ്കിൽ സന്ധിയില്ല. ’ഇസ്മയിലിനൊപ്പം പന്ന്യൻ രവീന്ദ്രനും സി.ദിവാകരനും ഒഴിവായിരുന്നു. അവർ ഇവിടെയുണ്ട്. എന്നാൽ ഇസ്മയിൽ അങ്ങനെയല്ല. –ബിനോയ് വിശ്വം പറഞ്ഞു.