ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവി വിലയിരുത്താൻ കോൺഗ്രസ് ഹൈക്കമാൻഡ് യോഗം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടക്കം പങ്കെടുക്കുന്ന യോഗം അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്നു. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
അതേസമയം ബിഹാറിൽ വൻഅട്ടിമറി നടന്നുവെന്നാണ് വിലയിരുത്തൽ. ന്യൂനപക്ഷ വോട്ടുകൾ പിളർത്താൻ എഐഎംഐഎം മേധാവി അസുദുദ്ദീൻ ഉവൈസിയുമായി ചേർന്ന് ബിജെപി ധാരണയുണ്ടാക്കിയെന്നും തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും ചേർന്ന് കൂട്ടുകച്ചവടം നടത്തിയെന്നുമുള്ള ആരോപണം ഉയരുന്നുണ്ട് . നൂറ് ശതമാനം വിജയം ഉറപ്പിച്ച മണ്ഡലങ്ങളിൽ പരാജയം നേരിട്ടത് അട്ടിമറി നടന്നുവെന്നതിന്റെ സൂചനയാണെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
2020 ലെ പരാജയത്തിന്റെ കയ്പ് മറികടക്കാനായിരുന്നു ഇത്തവണ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇത്തവണ നേരത്തെ കളത്തിലിറങ്ങിയത്. എന്നാൽ കടുത്ത നിരാശ നൽകുന്നതായിരുന്നു ഫലം സമ്മാനിച്ചത്. കഴിഞ്ഞ തവണ 70 സീറ്റിൽ മത്സരിച്ച 19 സീറ്റ് നേടിയപ്പോൾ ഇത്തവണ 60 സീറ്റിൽ മത്സരിച്ച് ആറ് സീറ്റിൽ മാത്രമാണ് വിജയിക്കാനായത്. ബിഹാർ കോൺഗ്രസ് അധ്യക്ഷൻ രാജേഷ് കുമാർ ഉൾപ്പെടെ തോറ്റു. എൻഡിഎയുടെ സമ്പൂർണ്ണ വിജയം വോട്ട് ചോരിയുടെ ഫലമെന്നാണ് ഇൻഡ്യാ സഖ്യത്തിലെ കക്ഷികൾ ആരോപിക്കുന്നത്. ഇതിനു ആക്കംകൂട്ടാൻ വോട്ട് വിഹിതത്തിലെ വ്യത്യാസവും ഇവർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി ഭരണം ഏറ്റെടുക്കാനിരിക്കുമ്പോഴും ആർജെഡിക്ക് ആശ്വാസമാണ് വോട്ട് വിഹിതം. ബിജെപിയേക്കാളും ജെഡിയുവിനേക്കാളും വോട്ട് വിഹിതം ഇത്തവണ ആർജെഡി നേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് പ്രകാരം 22.79 ശതമാനം വോട്ട് വിഹിതമാണ് ഇത്തവണ ആർജെഡി നേടിയത്. ഇത് ബിജെപിയേക്കാൾ 2.27 ശതമാനവും ജെഡിയുവിനേക്കാൾ 3.8 ശതമാനവും കൂടുതലാണ്. ബിജെപിക്ക് 20.08 ശതമാനവും ജെഡിയുവിന് 19.25 ശതമാനവുമാണ് വോട്ട് വിഹിതം. വെള്ളിയാഴ്ചയായിരുന്നു ബിഹാറിലെ വോട്ടെണ്ണൽ. ബിജെപി 89 സീറ്റും ജെഡിയു 85 സീറ്റും നേടി. എൻഡിഎ സഖ്യം ആകെ നേടിയത് 202 സീറ്റുകളാണ്.
















































