ബെംഗളൂരു: ബെംഗളൂരുവിൽ പേയിങ് ഗസ്റ്റായി താമസിക്കുന്ന മലയാളി പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗ ചെയ്ത പി ജി ഉടമയായ മലയാളി അറസ്റ്റിൽ. പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട് സ്വദേശിയായ അഷ്റഫ് ആണു അറസ്റ്റിലായത്. സോളദേവനഹള്ളിയിലെ സ്വകാര്യ കോളജിലെ ബിരുദ വിദ്യാർഥിനിയാണ് ബലാത്സംഗത്തിന് ഇരയായത്.
തിങ്കളാഴ്ച രാത്രിയാണ് സംഭവം. പത്തു ദിവസം മുൻപാണ് താൻ അഷ്‌റഫിന്റെ വീട്ടിൽ പേയിങ് ഗസ്റ്റായി താമസം മാറിയതെന്ന് വിദ്യാർഥിനി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തിങ്കളാഴ്ച രാത്രി അഷ്‌റഫ് തന്റെ മുറിയിൽ വന്ന് സഹകരിച്ചാൽ മാത്രമേ ഭക്ഷണവും താമസവും നൽകൂ എന്ന് പറഞ്ഞു. താൻ എതിർത്തപ്പോൾ അഷ്‌റഫ് തന്നെ നിർബന്ധിച്ച് വലിച്ചു കാറിൽ കയറ്റുകയും മറ്റൊരിടത്തേക്ക് കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു എന്നാണ് പെൺകുട്ടി പോലീസിനു നൽകിയ പരാതിയിൽ പറയുന്നത്.
അർധരാത്രിയോടെ ആയിരുന്നു സംഭവം. തന്റെ ലൊക്കേഷൻ ഒരു സുഹൃത്തിന് അയയ്ക്കാൻ ശ്രമിച്ചെങ്കിലും അതിനു കഴിഞ്ഞില്ല. പിന്നീട്, ഏകദേശം രാത്രി 1.30 നും 2.15 നും ഇടയിൽ, അഷ്‌റഫ് തന്നെ വീട്ടിൽ കൊണ്ടാക്കുകയായിരുന്നു.

















































