ജക്കാർത്ത: മാര്‍ച്ച് 29-ന് എല്ലാവിധ യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി ഇൻഡോനേഷ്യയിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ ബാലി. ‘നിശബ്ദതയുടെ ദിവസം’ എന്നറിയപ്പെടുന്ന നയ്‌പൈ ആചരിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഇവിടുത്തുകാർ പുതുവര്‍ഷമായി കണക്കാക്കുന്നത് ഈ ദിവസമാണ്.29-ന് രാവിലെ ആറു മുതല്‍ മാര്‍ച്ച് 30 രാവിലെ ആറ് മണി വരേയാണ് നിരോധനം. വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക് പുറമെ അന്താരാഷ്ട്ര വിമാനത്താവളവും അടച്ചിടും. ഹോട്ടലുകളും റിസോര്‍ട്ടുകളും തുറക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. ബാലിനീസ് നിശബ്ദ ദിനം എന്നും നയ്‌പൈ അറിയപ്പെടുന്നുണ്ട്. ബാലിയിലെ ഹിന്ദു മതവിശ്വാസികള്‍ക്ക് പവിത്രമായ ദിവസമാണിത്. തിരക്കില്‍നിന്നും ബഹളങ്ങളില്‍നിന്നും മാറി സമാധാനപരമായ അന്തരീക്ഷത്തിലാണ് നയ്‌പൈ ആചരിക്കുന്നത്.
ഇതിന് മുന്നോടിയായുള്ള ദിവസങ്ങളില്‍ ബാലിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കും. അതുകൊണ്ട് വിനോദസഞ്ചാരികള്‍ അതിന് അനുസരിച്ചുള്ള ക്രമീകരണങ്ങള്‍ നടത്തണമെന്ന് അധികൃതര്‍ അറിയിച്ചു.