മ്യാന്‍മറിലെ നടുക്കുന്ന ഭൂകമ്പത്തിന്റെ യഥാര്‍ഥ്യം വാര്‍ത്തകളില്‍ കാണുന്നതിനെക്കാള്‍ പതിന്‍മടങ്ങെന്നു സംവിധായകന്‍ ബൈജു കൊട്ടാരക്കര. മ്യാന്‍മറില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന വഴിയാണ് ഭൂകമ്പമുണ്ടായതെന്നും യാത്ര മാറ്റിവയ്‌ക്കേണ്ടി വന്നെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
”ഇന്നലെ നാട്ടിലേക്കു മടങ്ങും വഴി ഉച്ചയ്ക്ക് 12.50 നാണ് ഭൂകമ്പം ഉണ്ടാകുന്നത്. വാഹനം ചെറുതായി കുലുങ്ങി. ആ സമയത്ത് വാഹനം മേല്‍പാലത്തിലൂടെ പോകുകയായിരുന്നു. അതുകൊണ്ടായിരിക്കും കുലുക്കമെന്നാണ് വിചാരിച്ചത്. എന്നാല്‍ പിന്നീട് 25 കിലോമീറ്ററോളം റോഡ് ബ്ലോക്കായി. വാര്‍ത്ത നോക്കിയപ്പോഴാണ് ഭൂകമ്പ വിവരം അറിയുന്നത്. ഏഴര മണിക്കൂര്‍ വാഹനത്തിലിരിക്കേണ്ടി വന്നു. പിന്നീട് രണ്ടര മണിക്കൂറോളം നടന്നാണ് ഹോട്ടലില്‍ തിരിച്ചെത്തിയത്. രാത്രി 2 മണിയോടെ ഹോട്ടല്‍ അധികൃതര്‍ അവിടെനിന്നു മാറാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ചെറിയൊരു ഹോട്ടലിലേക്ക് മാറി. 15 നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്.
60 നിലയുള്ള ഹോട്ടലിലെ റൂഫ്‌ടോപ് സിമ്മിങ് പൂള്‍ തകര്‍ന്ന് വെള്ളം താഴോട്ട് ഒഴുകുന്നതും നടപ്പാതകള്‍ പൊളിഞ്ഞുവീഴുന്നതും കണ്ടു. നൂറോളം വീടുകളില്‍ വിള്ളലുകള്‍ ഉണ്ടായി. ആശുപത്രി തകര്‍ന്നു മ്യാന്‍മറിലും തായ്ലന്‍ഡിലുമായി ആയിരത്തോളം ആളുകള്‍ മരിച്ചതായാണ് വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ ഇവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തുമ്പോള്‍ അയ്യായിരത്തോളം മരണമെങ്കിലും സംഭവിച്ചിട്ടുണ്ടാകുമെന്നാണ് കരുതുന്നത്. ആയിരത്തിലേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ടെന്നാണു വിവരം.
റോഡുകള്‍ തകരുകയും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കുകയും ചെയ്തു. ഗ്രാമപ്രദേശങ്ങളില്‍ വൈദ്യുതിയും കുടിവെള്ളവും ഇല്ല. അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലും പൊലീസിന്റെ പ്രവര്‍ത്തനം വളരെ മോശമാണ്. രക്ഷാപ്രവര്‍ത്തനത്തിന് മറ്റ് ഏജന്‍സികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. സൈനികര്‍ മൃതദേഹങ്ങള്‍ വലിച്ചു കൊണ്ടുപോകുന്ന വിഡിയോ പ്രചരിക്കുന്നുണ്ട്. സൗകര്യങ്ങളുടെ അപര്യാപ്തതയും രക്ഷാപ്രവര്‍ത്തനത്തിലെ ഏകോപനമില്ലായ്മയും സാഹചര്യം വഷളാക്കുന്നുണ്ട്” ബൈജു കൊട്ടാരക്കര പറഞ്ഞു.