കേവലം തെരുവിൽ വാക്കു തർക്കം ഉണ്ടായി, അതല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് നേരെ ഷൂസ് എടുത്ത് എറിയാൻ ശ്രമിച്ചു എന്നതല്ല നാം കഴിഞ്ഞ ദിവസം കേട്ട വാർത്ത. ഈ രാജ്യത്തെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിക്കുള്ളിൽ വച്ച് ചീഫ് ജസ്റ്റിസിന് നേരെയാണ് അക്രമശ്രമം ഉണ്ടായത്. സുപ്രീംകോടതിയുടെ ചീഫ് ജസ്റ്റിസ് കോടതിക്കുള്ളിൽ പോലും സുരക്ഷിതൻ അല്ലെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ അവസ്ഥ എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലോ. ചീഫ് ജസ്റ്റിസ് ആയിരിക്കുന്ന വ്യക്തിക്ക് നേരെ ഉണ്ടായ അക്രമശ്രമമായി മാത്രമല്ല, മഹത്തായ ആ പദവിക്ക് നേരെ കൂടിയുണ്ടായ അക്രമ ശ്രമമായിയാണ് ഈ സംഭവത്തെ നാം കാണേണ്ടത്. ചീഫ് ജസ്റ്റിസിനെ ആക്രമിക്കുവാൻ ശ്രമിക്കുക എന്നത് ഇന്ത്യൻ നീതിന്യായ വ്യവസ്ഥയെ അക്രമിക്കുന്നതിനു തുല്യമാണ്, ഇന്ത്യൻ ജനാധിപത്യത്തെ അക്രമിക്കുന്നതിന് സമാനമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് നാം അഭിമാനം കൊള്ളുന്ന ഭാരതത്തിലാണ് ഈ സംഭവവികാസങ്ങൾ അരങ്ങേറിയത് എന്ന് നാം മറക്കുവാൻ പാടുള്ളതല്ല.
കഴിഞ്ഞ ദിവസം രാവിലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ ബെഞ്ച് ചേർന്ന സമയത്തായിരുന്നു കോടതി മുറുക്കുള്ളിൽ ഈ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. അഭിഭാഷകർ കേസ് പരാമർശിക്കുന്നതിനിടെ ഡയസിന് സമീപത്തെത്തിയ അഭിഭാഷകൻ രാകേഷ് കിഷോർ ഷൂവഴിച്ച് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിക്കുനേരെ എറിയുവാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർ തക്കസമയത്ത് ഇയാളെ തടയുകയും ശേഷം പോലീസിന് കൈമാറുകയും ചെയ്തു. സുപ്രീംകോടതിക്കുള്ളിൽ വച്ചാണ് ഈ സംഭവവികാസങ്ങൾ നടന്നത് എന്നതാണ് ഏറെ ഞെട്ടിക്കുന്ന കാര്യം. ഇയാളെ പുറത്തേക്ക് കൊണ്ടുപോകുന്നതിനിടയിൽ സനാതന ധർമ്മത്തെ അപമാനിക്കുന്നത് രാജ്യം സഹിക്കില്ലെന്ന് ഇയാൾ ആക്രോശിച്ചതായും രാകേഷ് കിഷോറിൻ്റെ കൈയിൽ നിന്ന് കണ്ടെടുത്ത വെള്ളക്കടലാസിൽ സനാതന ധർമ്മത്തോടുള്ള അനാദരവ് ഇന്ത്യ പൊറുക്കില്ല എന്നടക്കമുള്ള കാര്യങ്ങൾ എഴുതിയിട്ടുള്ളതായി പോലീസ് അറിയിച്ചുതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുൻപ് മധ്യപ്രദേശ് ഖജുരാഹോയിലെ വിഷ്‌ണു വിഗ്രഹം പുനഃസ്‌ഥാപിക്കണമെന്ന ഹർജി പരിഗണിക്കവേ അത് ദൈവത്തോട് പോയി പറയൂ എന്ന് ചീഫ് ജസ്റ്റിസ് പരാമർശിച്ചിരുന്നു. ചീഫ് ജസ്റ്റിസിന്റെ ഈ പരാമർശത്തിൽ വലിയ വിവാദങ്ങൾ ഉയർന്നിരുന്നു. ഇതാണ് ഇന്നലെ നടന്ന അതിക്രമ ശ്രമത്തിന് പിന്നിലെ കാരണമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്ന നിലയിലുള്ള അഭിപ്രായപ്രകടനത്തിന്റെ പേരിലാണ് ഈ രാജ്യത്തിന്റെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് നേരെ ഇത്തരമൊരു അക്രമശ്രമം ഉണ്ടായത് എന്ന വാർത്ത ഓരോ ജനാധിപത്യവാദിയെയും ഭയപ്പെടുത്തുന്നതാണ്. കോടതികൾ എന്തു പറയണം, എന്തു പറയരുത് എന്ന് തീരുമാനിക്കാൻ ഒരാൾക്കൂട്ടത്തെയും ഈ രാജ്യത്തിന്റെ ഭരണഘടന ചുമതലപ്പെടുത്തിയിട്ടില്ല. കോടതിക്കുള്ളിൽ വച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിനു നേരെ അക്രമശ്രമം ഉണ്ടായി എന്നത് ഇന്ത്യൻ ജനാധിപത്യത്തിന് ആകെ നാണക്കേടാണ്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയ്ക്കെതിരെ ഉണ്ടായ ഈ അക്രമശ്രമത്തെ നാം അതീവ ഗൗരവത്തിൽ തന്നെ കാണേണ്ടതുണ്ട്.
ഇങ്ങനെയൊരു അക്രമശ്രമം കോടതിക്കുള്ളിൽ ഉണ്ടായിട്ടും ചീഫ് ജസ്റ്റിസ് അതിലൊന്നും പതറില്ല. ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് അഭിഭാഷകരോട് വാദങ്ങൾ തുടരാൻ ആവശ്യപ്പെടുകയായിരുന്നു. ‘ഇതൊന്നും കണ്ട് ശ്രദ്ധ മാറരുത്. ഞങ്ങളുടെ ശ്രദ്ധ മാറിയിട്ടില്ല. ഇത്തരം കാര്യങ്ങൾ എന്നെ ബാധിക്കില്ല’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. രാജ്യത്തുടനീളം ഈ അക്രമശ്രമത്തിനെതിരെ ശബ്ദങ്ങൾ ഉയർന്നു. . ചീഫ് ജസ്റ്റിസിനെതിരായ ആക്രമണം രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയുടെ അന്തസിനും ഭരണഘടനയുടെ ആത്മാവിനും നേരെയുളള അക്രമം ആണെന്നും ഇത്തരം വിദ്വേഷത്തിന് ഈ രാജ്യത്തിൽ സ്ഥാനം ഇല്ലെന്നും അവ അപലപിക്കപ്പെടേണ്ടതാണെന്നുമാണ് രാഹുൽ ഗാന്ധി പ്രതികരിച്ചത്.
കോൺഗ്രസ്സും പ്രതിപക്ഷവും ഈ വിഷയത്തിൽ വലിയ പ്രതിഷേധമാണ് ഉയർത്തിയിട്ടുള്ളത്. വിഷയത്തിൽ പ്രധാനമന്ത്രി പ്രതികരിക്കാൻ വൈകിയതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നേരെ നടന്ന അക്രമത്തെ അപലപിക്കാൻ വാക്കുകൾ പര്യാപ്തമല്ലെന്നും ഈ അക്രമണം ചീഫ് ജസ്റ്റിസിന് നേരെ എന്നതുപോലെ തന്നെ ഇന്ത്യൻ ഭരണഘടനയ്ക്ക് നേരെ ഉണ്ടായതാണെന്നുമായിരുന്നു കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുടെ പ്രതികരണം.
ചീഫ് ജസ്റ്റിസിനു നേരെ ഉണ്ടായ അക്രമം ഗൗരവകരമായ കാര്യമാണെന്നും രാജ്യം ഇരുട്ടിലാണ് എന്നുമാണ് എസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പറഞ്ഞത്, ചീഫ് ജസ്റ്റിസിന്റെ അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരുടെ അവസ്ഥ എന്തായിരിക്കും എന്ന് അദ്ദേഹം ചോദിച്ചു. രാജ്യത്തെ ഫാസിസ്റ്റ് ഭരണം വർഗീയവാദികൾക്ക് നൽകുന്ന അപാരമായ ഒരു ധൈര്യമുണ്ട്. മതത്തിന്റെയും പരിവാറിന്റെയും പേരിൽ ഏതു ഭരണഘടന സ്ഥാപനങ്ങളെയും ആക്രമിക്കാൻ നൽകുന്ന ധൈര്യം. ഇത് ജനാധിപത്യ ഇന്ത്യയുടെ വേരറുക്കാനും മതേതരത്വത്തിന്റെ കടയ്ക്കൽ കത്തി വയ്ക്കാനും ഉതകുന്നത്ര അപകടകരമാണ് എന്നാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയത്.
ഇത്തരത്തിൽ കോൺഗ്രസിന്റെയും പ്രതിപക്ഷത്തിന്റെയും നേതാക്കളുടെ പ്രതികരണങ്ങൾ ബഹുമാന്യനായ ചീഫ് ജസ്റ്റിസിന് പിന്തുണ പ്രഖ്യാപിക്കുന്നതിനൊപ്പം ഈ ആക്രമണം രാജ്യത്തെ ഭരണഘടനക്കും നീതി വ്യവസ്ഥയ്ക്കും നേരെ കൂടി ഉണ്ടായിട്ടുള്ളതാണെന്നും വ്യക്തമാക്കുന്നു. കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ സംഘപരിവാർ ഇന്ത്യയിൽ ഉണ്ടാക്കിയ വിദ്വേഷ രാഷ്ട്രം എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് ഈ അക്രമം നമ്മോട് വിളിച്ചു പറയുന്നുണ്ട് എന്നാണ് ഫേസ്ബുക്ക് പോസ്റ്റിൽ എഴുതിയിട്ടുള്ളത്. കഴിഞ്ഞ ഒന്നര ദശാബ്ദമായി ഈ രാജ്യത്ത് ശക്തിപ്പെട്ടു വന്ന വലതുപക്ഷ രാഷ്ട്രീയമാണ് ഇത്തരമൊരു സാഹചര്യത്തിൽ കൊണ്ട് കാര്യങ്ങൾ എത്തിച്ചതെന്ന് നേരിട്ടും അല്ലാതെയും പ്രതിപക്ഷം വിമർശിക്കുന്നുണ്ട്.
ഒരു സാധാരണ പൗരന്റെ സംബന്ധിച്ച് ഈ അക്രമശ്രമം വളരെയധികം ഭയപ്പെടുത്തുന്നതാണ്. കേസ് പരിഗണിക്കവേ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയ അഭിപ്രായപ്രകടനത്തിനെതിരെ കോടതിക്കുള്ളിൽ വച്ച് അദ്ദേഹത്തിന് നേരെ അതിക്രമ ശ്രമം ഉണ്ടായിട്ടുണ്ടെങ്കിൽ ഈ രാജ്യത്തെ ഒരു സാധാരണ പൗരന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും സുരക്ഷയുടെയും കാര്യം എന്തായിരിക്കും എന്ന പൊതുജനത്തിന്റെ ആശങ്ക വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ആക്രമണം നടത്താൻ ശ്രമിച്ചതിനുശേഷം പോലീസ് അക്രമിയെ പുറത്തേക്ക് കൊണ്ടു പോകുമ്പോൾ സനാതന ധർമ്മത്തെ അപമാനിക്കുന്നത് രാജ്യം സഹിക്കില്ല എന്നായിരുന്നു അയാൾ ആക്രോശിച്ചത്, സനാതന ധർമ്മം എന്നു പറഞ്ഞുകൊണ്ട് ഇന്ത്യയുടെ ചീഫ് ജസ്റ്റിസിനെ ആക്രമിക്കാനുള്ള ധൈര്യം ഇയാൾക്ക് എവിടെ നിന്നാണ് ഉണ്ടായത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ പറഞ്ഞതുപോലെ രാഷ്ട്രപിതാവിന്റെ ഘാതകനായ നാഥുറാം ഗോഡ്സെയെ ദേശീയതയുടെ പ്രതീകമായി മഹത്വവൽക്കരിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നതുപോലെ അഭിഭാഷകന്റെ ഈ ലജ്ജാകരമായ പ്രവർത്തിയെ ആഘോഷിക്കുന്ന സമാനമായ ഘടകങ്ങളെ നാമിപ്പോൾ കാണുന്നു. കുറ്റവാളികൾക്കെതിരെ മാത്രമല്ല അത്തരം പെരുമാറ്റത്തെ പിന്തുണയ്ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്കെതിരെയും നിയമനടപടി നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണ്.
ഇവിടെ ആക്രമിക്കപ്പെട്ടിരിക്കുന്നത് ചീഫ് ജസ്റ്റിസ് മാത്രമല്ല, ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും കൂടിയാണ്. അത്തരത്തിൽ ഇന്ത്യ എന്ന ആശയത്തെ ആക്രമിക്കാൻ മുതിരുന്ന ആളുകൾക്കെതിരെയും ആശയങ്ങൾക്കെതിരെയും കൃത്യമായ നടപടികൾ സ്വീകരിക്കേണ്ടത് ഇന്ത്യ എന്ന മഹത്തായ ജനാധിപത്യ രാജ്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ കാര്യമാണ്. വീണ്ടും പറയട്ടെ ഇന്നലെ ആക്രമിക്കപ്പെട്ടത് ഈ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് ആണ്, ഈ രാജ്യത്തെ നീതിപീഠമാണ്, നമ്മുടെ ഭരണഘടനയാണ്. അതിനെ ഒരു പൗരൻ എന്ന നിലയിൽ ഗൗരവകരമായി തന്നെ നാം കാണേണ്ടതുണ്ട് ചർച്ച ചെയ്യേണ്ടതുണ്ട്.