വാഷിങ്ടൻ: യുഎസിൽ വച്ച് പാക്ക് സൈനിക മേധാവി അസിം മുനീർ നടത്തിയ ആണവ ഭീഷണിയെ രൂക്ഷമായി വിമർശിച്ചും പരസ്യമായി കളിയാക്കി പെന്റഗൺ മുൻ ഉദ്യാഗസ്ഥൻ മൈക്കൽ റൂബിൻ. പാക്കിസ്ഥാൻ ഇപ്പോൾ പെരുമാറുന്നത് ഒരു തെമ്മാടി രാഷ്ട്രത്തെ പോലെയാണെന്നും റൂബിൻ പരിഹസിച്ചു. സൈനിക മേധാവിയുടെ പ്രസ്താവന പൂർണമായും അസ്വീകാര്യമാണെന്നും ഐഎസും ഒസാമ ബിൻ ലാദനും മുൻപു നടത്തിയ പ്രസ്താവനകൾക്ക് സമാനമാണ് മുനീറിന്റെ പ്രസ്താവനയെന്നു റൂബിൻ പറഞ്ഞു. ആകെ വ്യത്യാസം അസിം മുനീർ കോട്ട് ധരിച്ച ഒസാമ ബിൻ ലാദനാണെന്നും അദ്ദേഹം പറഞ്ഞു.
മാത്രമല്ല നാറ്റോയ്ക്ക് പുറത്തുള്ള യുഎസിന്റെ ഒരു പ്രധാന സഖ്യകക്ഷി എന്ന പദവിയിൽനിന്നു പാക്കിസ്ഥാനെ ഒഴിവാക്കണം, തീവ്രവാദത്തിന്റെ പ്രധാന സ്പോൺസറായി പാക്കിസ്ഥാനെ പ്രഖ്യാപിക്കണമെന്നും റൂബിൻ ആവശ്യപ്പെട്ടു. അതുപോലെ അസിം മുനീറിന് യുഎസ് വീസ നൽകുന്നതു വിലക്കണം. പാക്ക് സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കിടെ അവിടെ സന്നിഹിതരായിരുന്ന യുഎസ് ഉദ്യോഗസ്ഥർ പ്രതികരിക്കാതിരുന്നതിനെയും റൂബിൻ ചോദ്യം ചെയ്തു. അസിം മുനീറിനെ ഉടൻ തന്നെ യോഗത്തിൽനിന്നു പുറത്താക്കുകയും രാജ്യത്തുനിന്നു തന്നെ പുറത്താക്കുകയും ചെയ്യണമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.
അതുപോലെ പാക്കിസ്ഥാനുമായുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തുടർച്ചയായ ഇടപെടലിനെ ബാഹ്യ ഘടകങ്ങൾ സ്വാധീനിച്ചേക്കാമെന്നും ജോർജ് ഡബ്ല്യു ബുഷ് ഭരണകൂടം തുടങ്ങിവച്ച യുഎസ്- ഇന്ത്യ പങ്കാളിത്തത്തിൽനിന്നു പിന്മാറുന്ന സമീപനമാണ് ട്രംപ് സ്വീകരിക്കുന്നതെന്നും മൈക്കൽ റൂബിൻ അഭിപ്രായപ്പെട്ടു.
അതേസമയം പാക്കിസ്ഥാൻ ആണവരാഷ്ട്രമാണ്, ഞങ്ങളെ തകർത്താൽ ലോകത്തിന്റെ പകുതി നശിപ്പിച്ചിട്ടേ ഞങ്ങൾ പോകുവെന്ന് കഴിഞ്ഞ ദിവസം യുഎസിൽ പാക്ക് വംശജരുടെ യോഗത്തിൽ അസിം മുനീർ വെല്ലുവിളിച്ചിരുന്നു. സിന്ധു നദി ഇന്ത്യയുടെ കുടുംബസ്വത്തല്ല. ഇന്ത്യ അണകെട്ടിയാൽ അതു പൂർത്തിയാകുന്നതുവരെ കാത്തിരിക്കും, തുടർന്ന് മിസൈൽ അയച്ച് അതു തകർക്കുമെന്നും മുനീർ പറഞ്ഞു. കൂടാതെ പാക്കിസ്ഥാന്റെ ജീവശ്വാസമാണ് കാശ്മീരെന്നും അത് ഇന്ത്യയുടെ ആഭ്യന്തരപ്രശ്നമല്ലെന്നും പരിഹരിക്കപ്പെടാത്ത രാജ്യാന്തര വിഷയമാണെന്നും മുനീർ പറഞ്ഞിരുന്നു.
എന്നാൽ പാക്കിസ്ഥാൻ ഉത്തരവാദിത്തമില്ലാത്ത രാജ്യമാണെന്നതിനു തെളിവാണ് സൈനിക മേധാവി അസിം മുനീർ യുഎസിൽ വച്ചു നടത്തിയ ആണവഭീഷണിയെന്ന് ഇന്ത്യ തിരിച്ചടിച്ചു. ഇത്തരമൊരു രാജ്യത്തിന്റെ കയ്യിൽ ആണവായുധം ഉണ്ടാകുന്നതു വലിയ അപകടമാണ്. പാക്കിസ്ഥാനിൽ ജനാധിപത്യം തരിപോലും ശേഷിക്കുന്നില്ലെന്നും സൈന്യത്തിനാണു നിയന്ത്രണമെന്നും തെളിയിക്കുന്നതാണ് സൈനിക മേധാവി മറ്റൊരു രാജ്യത്തു നടത്തിയ പ്രസ്താവനയെന്നും ഇന്ത്യ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ ചുങ്ക ഭീഷണി നേരിടാൻ ഇന്ത്യ പണി തുടങ്ങി; യുഎസ് ഇല്ലെങ്കിൽ പകരം ഈ 50 രാജ്യങ്ങൾ