തിരുവന്തപുരം: സംസ്ഥാനത്ത് ആശ പ്രവര്‍ത്തകര്‍ നിരാഹാര സമരത്തിലേക്ക് നീങ്ങുന്നതിനിടെ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് ദില്ലിയില്‍. കേന്ദ്ര ആരോഗ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമിട്ടാണ് സന്ദര്‍ശനം എന്നാണ് വിവരം. ദില്ലി കേരളാ ഹൗസിലെത്തിയ മന്ത്രി പക്ഷെ പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം ആരോഗ്യമന്ത്രിയെ വിമര്‍ശിച്ച് ആശമാര്‍ രംഗത്ത് വന്നു.
ഓണറേറിയം 21000 ആക്കണമെന്നതാണ് തങ്ങളുടെ ആവശ്യമെന്ന് സമരത്തിന് നേതൃത്വം നല്‍കുന്ന എം.എ ബിന്ദു, എസ്.മിനി എന്നിവര്‍ തിരുവനന്തപുരത്ത് പ്രതികരിച്ചു. ‘ഓണറേറിയാം കൂട്ടാന്‍ കേന്ദ്ര മന്ത്രിയുടെ അനുമതി ആവശ്യം ഇല്ല. അതിനായി കേന്ദ്രത്തില്‍ പോകേണ്ട കാര്യമില്ല. ഇന്‍സെന്റിവ് കൂട്ടാന്‍ ആണ് മന്ത്രി പോയത് എങ്കില്‍ നല്ലത്. സമരത്തിന്റെ ഭാഗമായി തന്നെയാണ് കേന്ദ്രമന്ത്രി പാര്‍ലമെന്റില്‍ ഇന്‍സെന്റീവ് വര്‍ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കിയത്. അത്തരമൊരു സാഹചര്യം സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചു.
ഓണറേറിയം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തില്‍ പോകേണ്ടതില്ല. സംസ്ഥാനത്തിന് തീരുമാനിക്കാവുന്ന കാര്യത്തിന് ഇവിടെ തീരുമാനിക്കാം. ആശ വര്‍ക്കാര്‍മാരോട് ഇന്നലെ പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട ആരോഗ്യ മന്ത്രിയാണ് ഇന്ന് തിടുക്കത്തില്‍ ദില്ലിക്ക് പോയിരിക്കുന്നത്. കേന്ദ്രത്തില്‍ നിന്ന് കിട്ടിയാല്‍ ആശ വര്‍ക്കര്‍മാര്‍ക്ക് തരാനാണെങ്കില്‍ നല്ലത്. ഓണറേറിയം വര്‍ധിപ്പിക്കേണ്ടത് സംസ്ഥാനമാണ്. അത് കേന്ദ്രത്തിന്റെ തലയില്‍ കെട്ടിവെക്കേണ്ടെന്നും ആശ വര്‍ക്കര്‍മാര്‍ പറഞ്ഞു.
എന്നാല്‍, അപ്രായോഗികമായ നിലപാടാണ് ആശമാര്‍ ഉന്നയിക്കുന്നതെന്നും വേതനം വര്‍ധിപ്പിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രത്തോട് ആവശ്യങ്ങള്‍ ഉന്നയിക്കാന്‍ തയാറാകാത്തത് എന്തുകൊണ്ടാണെന്നും വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. സമരം നീട്ടുന്നതിനു പിന്നില്‍ മറ്റ് അജന്‍ഡകളാണ് ഉള്ളത്. കേന്ദ്ര പദ്ധതിയിലെ വളന്റിയര്‍മാര്‍ക്ക് ഒറ്റയടിക്ക് ഇത്രയും തുക കൂട്ടിക്കൊടുക്കണമെന്ന് പറയുന്നത് സാമ്പത്തിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ ഒറ്റയ്ക്ക് ഏറ്റെടുക്കണമെന്നു പറയുന്നതിനു തുല്യമാണ്.
ഉന്നത വിദ്യാഭ്യാസ രംഗത്ത് ആരിഫ് മുഹമ്മദ് ഖാന്റെ ബി-ടീമായി പ്രവര്‍ത്തിച്ച സംഘടനയാണ് എസ് യുസിഐ എന്നും ആരോപണമുണ്ട്. ആശമാരെ തൊഴിലാളികളാക്കി പ്രഖ്യാപിക്കണമെന്ന് സംഘടന ഉന്നയിക്കുന്നില്ല. മറിച്ച് ഓണറേറിയം മിനിമം കൂലിക്കു തുല്യമായി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആശമാരെ തൊഴില്‍ നിയമങ്ങള്‍ക്ക് കീഴില്‍ കൊണ്ട് വരണം എന്നും ഓണറേറിയം അല്ല ശമ്പളമാണ് വേണ്ടത് എന്നും ഇവര്‍ ആവശ്യപ്പെടുന്നില്ല. എന്ത് കൊണ്ട്? അതാവശ്യപ്പെടേണ്ടത് സംസ്ഥാന സര്‍ക്കാരിനോടല്ല എന്ന് അറിയാവുന്നത് കൊണ്ടാണെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഈ ആവശ്യം നിറവേറ്റാന്‍ ബാധ്യതപ്പെട്ട പാര്‍ട്ടിയോടും സര്‍ക്കാരിനോടും ചോദ്യങ്ങളും വിമര്‍ശനങ്ങളും ഇല്ലാതിരിക്കുകയും ആ പാര്‍ട്ടിയുടെ നേതാക്കളെ ദിവസേന പന്തലില്‍ സ്വീകരിക്കുകയും ചെയ്യുന്നത് സംഘടനയെ സംശയത്തോടെ കാണാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യമന്ത്രി വീണാ ജോര്‍ജുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെത്തുടര്‍ന്ന് നിരാഹാര സമരം ചെയ്യുമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നില്‍ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. ആശാ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാര്‍ വഴങ്ങിയില്ല. ആവശ്യങ്ങള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെ സമരം തുടരുമെന്ന് ആശാ വര്‍ക്കര്‍മാര്‍ പ്രഖ്യാപിച്ചു. എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാര്‍ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചര്‍ച്ചക്ക് തയാറായത്. സര്‍ക്കാര്‍ ഖജനാവില്‍ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചര്‍ച്ചയില്‍ ആവര്‍ത്തിച്ചു.
ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിന്റെ പ്രതികരണം
‘ആശമാരുടെ ആവശ്യം അനുഭാവപൂര്‍വം കേട്ടു. സമരത്തില്‍ നിന്നും പിന്‍മാറണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ സമരക്കാര്‍ തയാറായില്ല. ആശമാരുടെ പ്രവര്‍ത്തനം സംബന്ധിച്ച് സ്വീകരിക്കാവുന്ന നടപടികളെല്ലാം സ്വീകരിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. 7000 രൂപ ഓണറേറിയം നല്‍കുന്നത് സംസ്ഥാനം മാത്രമാണ്. ഇന്‍സന്റീവ് കേന്ദ്രവും സംസ്ഥാനവും കൂടിയാണ് നല്‍കുന്നത്. ഫിക്‌സ്ഡ് ഇന്‍സെന്റീവ് 3000 രൂപയാണ്. ഇതില്‍ 1600 കേന്ദ്രവും 1400 കേരളവുമാണ് നല്‍കുന്നത്. ഓണറേറിയത്തിന് 2017 ല്‍ 10 മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. അത് പിന്‍വലിക്കണമെന്ന് സമരം തുടങ്ങി ആദ്യ ഘട്ടത്തില്‍ സമരക്കാര്‍ ആവശ്യപ്പെട്ടു. ചര്‍ച്ചക്ക് വന്നപ്പോള്‍ ഇക്കാര്യം പറഞ്ഞു. മാനദണ്ഡലം പിന്‍വലിക്കാനാകുമോ എന്ന് പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡം പിന്‍വലിച്ചു. 2006 ല്‍ നിശ്ചയിച്ച ഇന്‍സന്റീവ് കേന്ദ്രം കൂട്ടിയിട്ടില്ല.
സംസ്ഥാനത്ത് ആകെ 26125 ആശമാരാണുള്ളത്. ആകെ 400 ഓളം പേരാണ് സമരത്തിനുള്ളത്. കേരളത്തില്‍ ആശമാര്‍ക്ക് അധിക ജോലി എന്ന് ചില തെറ്റായ പ്രചാരണം കൂടി നടക്കുന്നു. ദേശീയ മാനദണ്ഡ പ്രകാരം അല്ലാത്ത ഒരു ജോലിയും ചെയ്യുന്നില്ല. 21000 രൂപ ഓണറേറിയം, വിരമിക്കല്‍ ആനുകൂല്യം എന്നിവ സമരക്കാര്‍ ആവര്‍ത്തിക്കുന്നു. കൂട്ടരുതെന്ന നിലപാട് സംസ്ഥാനത്തിന് ഇല്ല. മൂന്നിരട്ടി ഉടന്‍ കൂട്ടണമെന്ന് പറഞ്ഞാല്‍ പല കാര്യങ്ങള്‍ പരിഗണിച്ച് മാത്രമെ അത് ആലോചിക്കാന്‍ പോലും കഴിയൂ’ – ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.