ദുബായ്: ചാമ്പ്യൻസ് ട്രോഫിയിൽ ഞായറാഴ്ച നടക്കുന്ന ഗ്രൂപ്പ്ഘട്ട അവസാന മത്സരത്തിൽ ന്യൂസീലൻഡിനെതിരായ ഇന്ത്യൻ ടീമിൽ മാറ്റത്തിന് സാധ്യത. മുഹമ്മദ് ഷമിക്കു പകരം ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിങ്ങിനെ പതിനൊന്നംഗ സംഘത്തിൽ ഉൾപ്പെടുത്തിയേക്കും. ന്യൂസീലൻഡ് നിരയിൽ അഞ്ച് ഇടംകൈയ്യൻ ബാറ്റർമാരുള്ള പശ്ചാത്തലത്തിലാണ് ഇത്തരത്തിലൊരു മാറ്റത്തിന് ഇന്ത്യൻ ടീം മാനേജ്‌മെന്റൊരുങ്ങുന്നത്. അതോടൊപ്പം പാകിസ്താനെതിരായ മത്സരത്തിൽ ഷമിയുടെ കാലിന് വേദന അനുഭവപ്പെട്ടതും ടീമിൽ മാറ്റം വരുത്താൻ കാരണമായേക്കും.
ഇതിന്റെ ഭാഗമായാണ് പഞ്ചാബ് പേസറായ അർഷ്ദീപ് വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയതെന്നും സൂചനയുണ്ട്. ബൗളിങ് പരിശീലകൻ മോണി മോർക്കലിന്റെ കീഴിലാണ് അർഷ്ദീപിന്റെ പരിശീലനം നടന്നത്. 13 ഓവറോളം എറിഞ്ഞ് അർഷ്ദീപ് പരിശീലനം നടത്തിയപ്പോൾ 6-7 ഓവർ മാത്രമാണ് ഷമി എറിഞ്ഞത്.
ഫെബ്രുവരി 23-ന് പാകിസ്താനെതിരായ മത്സരത്തിനിടെ വലതുകാലിന് വേദന അനുഭവപ്പെട്ട ഷമിയെ വൈദ്യസംഘം പരിശോധിച്ചിരുന്നു. മത്സരത്തിൽ ഷമിയുടെ മൂന്നാം ഓവറിനു പിന്നാലെയായിരുന്നു വേദന അനുഭവപ്പെട്ടത്. ഇന്ത്യ ഇതിനകംതന്നെ സെമി ഫൈനലിൽ പ്രവേശിച്ചതിനാൽ ഷമിക്ക് തത്കാലം വിശ്രമം നൽകാനാണ് ടീം മാനേജ്‌മെന്റിന്റെ തീരുമാനം. അതോടൊപ്പം നാളെ നടക്കുന്ന മത്സരത്തിൽ രോഹിത് ശർമയ്ക്കും വിശ്രമം അനുവദിച്ചിട്ടുണ്ട്.