തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി വിദ്യാർഥികളുടെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകൾ നഷ്ടമായ സംഭവത്തിൽ പ്രതികരണവുമായി ആരോപണ വിധേയനായ അധ്യാപകൻ പി പ്രമോദ്. യൂണിവേഴ്സിറ്റി എടുത്ത നടപടി അംഗീകരിക്കുന്നു. തനിക്ക് വീഴ്ചയാണ് സംഭവിച്ചതെന്നും,71 വിദ്യാർത്ഥികളെയും പുനഃപരീക്ഷയ്ക്കായി സജ്ജമാക്കാൻ ഓൺലൈൻ ക്ലാസ് നൽകാൻ തയ്യാറാണെന്ന് അധ്യാപകനായ പ്രമോദ് വ്യക്തമാക്കി.
ഉത്തരക്കടലാസുകൾ തൻറെ കയ്യിൽ നിന്നും നഷ്ടപ്പെട്ടത് വീഴ്ചയായി തന്നെയാണ് കാണുന്നതെന്നാണ് അധ്യാപകനായ പി പ്രമോദ് വ്യക്തമാക്കുന്നത്. പുനഃപരീക്ഷയിൽ എല്ലാ വിദ്യാർഥികൾക്കും ജയിക്കാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ.മനപൂർവ്വം അല്ലെങ്കിലും തന്റെ കയ്യിൽ നിന്ന് ഉത്തര കടലാസുകൾ നഷ്ടപ്പെട്ട സംഭവം ഉണ്ടായത് കൊണ്ടുമാത്രമാണ് ഇപ്പോഴെങ്കിലും യൂണിവേഴ്സിറ്റി ഉണർന്നത്. ഇനി പെട്ടെന്ന് തന്നെ വിദ്യാർഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കാൻ യൂണിവേഴ്സിറ്റിയെ ഇത് പ്രേരിപ്പിക്കുമെന്നും ഇതിൽ ഒരു അട്ടിമറിയും ഇല്ലെന്നും പി പ്രമോദ് കൂട്ടിച്ചേർത്തു.