ധാക്ക: ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ ഇടിച്ചുനിരത്തി. ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചു. സമൂഹ മാധ്യമത്തിലൂടെ ഹസീന രാജ്യത്തെ അഭിസംബോധന ചെയ്തതാണ് ഇപ്പോഴത്തെ കലാപത്തിന് കാരണം. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.
ബംഗ്ലദേശ് സ്ഥാപകനും രാഷ്ട്രപിതാവുമായ മുജീബുർ റഹ്മാന്റെ വസതി കൂടിയാണ് കലാപകാരികൾ തകർത്തത്. മുജീബുർ റഹ്മാന്റെ മകളാണ് ഷെയ്ഖ് ഹസീന. ബുധനാഴ്ച രാത്രി 9നാണ് ഹസീന സമൂഹ മാധ്യമം വഴി ബംഗ്ലദേശ് പൗരന്മാരോട് സംസാരിച്ചത്. ഇതേസമയത്താണ് കലാപകാരികൾ ഒന്നിച്ചെത്തി അവരുടെ വീട് തകർത്ത് തീയിട്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വീട് ഇടിച്ചുനിരത്തിയത്.
ഷെയ്ഖ് ഹസീനയുടെ കുടുംബ വീട് പ്രതിഷേധക്കാർ കൈയ്യടക്കിയ ദൃശ്യം (Phto:@AdityaRajKaul.X)
ഹസീന പ്രസംഗിക്കാൻ തുടങ്ങിയപ്പോൾ പ്രതിഷേധക്കാർ വീട്ടിലേക്ക് ഇരച്ചുകയറി ചുവരുകൾ പൊളിച്ചുമാറ്റാൻ തുടങ്ങി. പിന്നീട് ക്രെയിനും എക്‌സ്‌കവേറ്ററും ഉപയോഗിച്ച് കെട്ടിടം പൂർണമായും പൊളിച്ചുമാറ്റി. പിന്നാലെ വീട്ടിലെ സാധനങ്ങളെല്ലാം കത്തിച്ചു. മുതിർന്ന അവാമി ലീഗ് നേതാക്കളുടെ വീടുകളും സംരംഭങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ഏകദേശം ആയിരത്തിലധികം പ്രതിഷേധക്കാർ ഹസീനയുടെ വസതിയിൽ എത്തിയതായും പ്രതിരോധിക്കാൻ സർക്കാർ ഡസൻ കണക്കിനു പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചതായും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
‘‘ബുൾഡോസറുകൾ ഉപയോഗിച്ച് രാജ്യത്തിന്റെ സ്വാതന്ത്ര്യം തകർക്കാൻ അവർക്ക് അധികാരമില്ല. ഒരു കെട്ടിടം അവർ തകർത്തേക്കാം, പക്ഷേ ചരിത്രം മായ്ക്കാൻ അവർക്ക് കഴിയില്ല’’– ഹസീന പറഞ്ഞു. ബംഗ്ലദേശിലെ പുതിയ നേതാക്കളെ ചെറുക്കാൻ അവർ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഭരണഘടനാ വിരുദ്ധമായ മാർഗങ്ങളിലൂടെയാണ് അവർ അധികാരം പിടിച്ചെടുത്തതെന്നും ഹസീന ആരോപിച്ചു.
Bangladesh Unrest: Sheikh Hasina’s family home in Dhaka was demolished by over a thousand rioters after she addressed the nation on social media. Latest News Bangladesh Sheikh Hasina Bangladesh Awami League World News