കണ്ണൂർ: ചെറിയനാട് ഭാസ്‌കര കാരണവർ വധക്കേസിൽ ജയിലിൽ കഴിയുന്ന പ്രതി ഷെറിനെതിരെ വീണ്ടും കേസ്. സഹതടവുകാരിയായ വിദേശ വനിതയെ അക്രമിച്ചതിനാണ് ഷെറിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 24ന് ഷെറിനും മറ്റൊരു തടവുകാരിയും ചേർന്ന് വിദേശ വനിതയെ അക്രമിച്ചുവെന്നാണ് കേസ്. ഇതിൽ കണ്ണൂർ ടൗൺ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ജൂലി എന്ന നൈജീരിയൻ തടവുകാരിയെ മർദിച്ചതിനു ഷെറിൻ, സഹതടവുകാരി ഷബ്ന എന്നിവർക്കെതിരെയാണ് കേസ്. വനിതാ ജയിലിൽ കഴിയുന്ന ഇവർ 24ന് രാവിലെ 7.45ന് കുടിവെള്ളം എടുക്കാൻ പോകുന്ന നേരം ജൂലിയെ അസഭ്യം പറയുകയും പിടിച്ചുതള്ളുകയും ചെയ്തുവെന്നാണ് പരാതി.
കാരണവർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന ഷെറിന് ശിക്ഷായിളവ് ചെയ്ത് ജയിൽമോചനം നൽകാൻ മന്ത്രിസഭാ യോഗം ശുപാർശ ചെയ്തിരുന്നു. ഈ ശുപാർശ ഗവർണറുടെ പരിഗണനയിലിരിക്കെയാണ് പുതിയ കേസ് വന്നിരിക്കുന്നത്. ഷെറിന് ശിക്ഷായിളവ് നൽകാനുള്ള തീരുമാനം വിവാദമായിരുന്നു. ജയിൽ ഉപദേശക സമിതിയുടെ ശുപാർശയും നിയമ വകുപ്പിന്റെ അഭിപ്രായവും പരിഗണിച്ചാണ് നടപടിയെന്നായിരുന്നു സർക്കാരിന്റെ വാദം. എന്നാൽ ജയിലിൽ ഇവർക്ക് വഴിവിട്ട് പരിഗണനകൾ ലഭിച്ചിരുന്നതായി സഹതടവുകാരുടെ വെളിപ്പെടുത്തലടക്കം ഉണ്ടാകുയും ചെയ്തിരുന്നു.
അതോടൊപ്പം മുമ്പും സഹതടവുകാരുമായി ഷെറിൻ പ്രശ്‌നങ്ങളിലേർപ്പെട്ടിട്ടുണ്ടെന്ന് ആരോപണങ്ങളുയർന്നിരുന്നു. ഷെറിനെ മുൻപു രണ്ടു ജയിലുകളിൽനിന്നു മാറ്റിയതു ജീവനക്കാരുടെയും സഹതടവുകാരുടെയും പരാതിയെ തുടർന്നായിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയവേ പരാതിയെത്തുടർന്ന് ആദ്യം വിയ്യൂരിലേക്കാണു മാറ്റിയത്. ഇവിടെ ജോലി ചെയ്യാൻ മടി കാണിച്ചതിനു ജയിൽ ജീവനക്കാരുമായി പ്രശ്നങ്ങളുണ്ടായി. തുടർന്നാണു കണ്ണൂർ വനിതാ ജയിലിൽ എത്തിച്ചത്.
സാധാരണയായി പ്രതികൾ ശിക്ഷിക്കപ്പെട്ടാൽ റിമാൻഡ് കാലാവധിയും ശിക്ഷാ കാലാവധിയായി കണക്കാക്കും. അതനുസരിച്ച്, 2009 നവംബറിൽ റിമാൻഡിലായ ഷെറിൻ 2023 നവംബറിൽ 14 വർഷം തികച്ചു. പിന്നീട് ആദ്യം ചേർന്ന ജയിൽ ഉപദേശക സമിതിയിലാണു ഷെറിന്റെ അപേക്ഷ പരിഗണിച്ചത്. 14 വർഷം ജയിലിൽ കഴിഞ്ഞ ജീവപര്യന്തം തടവുകാരുടെയെല്ലാം മോചന അപേക്ഷ ജയിൽ ഉപദേശകസമിതിക്കു മുൻപിൽ വരാറുണ്ടെങ്കിലും, ആദ്യ അപേക്ഷ അംഗീകരിക്കുന്ന കീഴ്വഴക്കമില്ല. ആറുമാസത്തിനുശേഷം ചേരുന്ന അടുത്ത യോഗത്തിലേക്കു മാറ്റുകയാണു ചെയ്യാറുള്ളത്. എന്നാൽ ഷെറിന്റെ കാര്യത്തിൽ ആദ്യയോഗം തന്നെ അംഗീകാരം നൽകുകയായിരുന്നു. ജയിലിലെ നല്ല നടപ്പുകൊണ്ടാണ് ശിക്ഷായിളവിന് ഷെറിനെ പരിഗണിച്ചതെന്നായിരുന്നു കണ്ണൂർ വനിതാ ജയിൽ ഉപദേശക സമിതിയുടെ വാദം.