തിരുവനന്തപുരം: തന്നെ ആക്രമിച്ചത് മകൻ അഫാൻ തന്നെയാണെന്ന് ഷെമി. ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് അഫാൻ പറഞ്ഞു. ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് അഫാൻ പിന്നിൽ നിന്ന് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചെന്നാണ് ഷെമി മൊഴി നൽകിയിരിക്കുന്നത്.
ഭർത്താവ് അറിയാതെ മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ കടമുണ്ട്. 50,000രൂപ തിരിച്ചുകൊടുക്കേണ്ട ദിവസമാണ് സംഭവം നടന്നത്. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് അഫാന് സഹിക്കാനായില്ലെന്നും ഷെമി പറഞ്ഞു. ആത്മഹത്യ ചെയ്യാൻ നിശ്ചയിച്ചതായും അതിനായി ഇളയ മകനുമൊത്ത് യൂട്യൂബിൽ വീഡിയോകൾ കണ്ടിരുന്നതായും ഷെമി പറഞ്ഞു.
ബോധം വന്നപ്പോൾ പൊലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും അവർ പറഞ്ഞു. ആംബുലൻസ് ഡ്രൈവർ നടത്തുന്ന വെഞ്ഞാറമൂട് മേലെകുറ്റിമൂട് ഉള്ള സ്നേഹ സ്പർശം സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ വച്ച് കിളിമാനൂർ സി ഐ ബി ജയൻ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ മൊഴി രേഖപ്പെടുത്തിയപ്പോഴായിരുന്നു ഷെമി ഇക്കാര്യം പറഞ്ഞത്. കട്ടിലിൽ നിന്ന് വീണാണ് പരിക്കേറ്റതാണെന്നായിരുന്നു മുമ്പ് ഷെമി പറഞ്ഞിരുന്നത്.
അഫാനെ ജയിലിൽ നിന്നിറക്കണമെന്നും അവനെ പ്രതീക്ഷിച്ചാണ് ജീവിക്കുന്നതെന്നും അവർ കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.