കണ്ണൂർ: മുൻ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ പിപി ദിവ്യയ്ക്ക് അനുകൂലമായ രീതിയിൽ കളക്ടറുടേയും സാക്ഷികളുടേയും മൊഴികൾ. മാത്രമല്ല പെട്രോൾ പമ്പ് അപേക്ഷകനായ ടിവി പ്രശാന്ത് നവീൻ ബാബുവിനെതിരായാണ് അന്വേഷണ സംഘത്തിനു മൊഴി നൽകിയിട്ടുണ്ട്.
കുറ്റപത്രത്തിൽ സാക്ഷിമൊഴി പറയുന്നതു ആത്മഹത്യയ്ക്ക് മുൻപ് നവീൻ ബാബു ദിവ്യയെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ്. തന്നെ ഇടനിലക്കാരനാക്കാൻ നവീൻ ബാബു ശ്രമിച്ചെന്നാണ് ദിവ്യയുടെ ബന്ധു പ്രശാന്ത് ആരോപിക്കുന്നത്. പിപി ദിവ്യയും താനും തമ്മിലുള്ള ബന്ധം എഡിഎമ്മിന് അറിയാമായിരുന്നെന്നും പ്രശാന്ത് അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്.
കൂടാതെ യാത്രയയപ്പിന് ശേഷം എഡിഎമ്മും താനും ക്വാർട്ടേഴിന് സമീപത്ത് വച്ച് കണ്ടതായും പ്രശാന്ത് മൊഴി നൽകി. ദിവ്യയോട് താൻ മുഖാന്തരം സംസാരിക്കാമെന്ന ഉദ്ദേശത്തോടെ വിളിച്ചു വരുത്തിയതാണെന്നാണ് മൊഴി. എന്നാൽ ദിവ്യയുടെ ബിനാമി ഇടപാട്, വ്യാജ പരാതി തുടങ്ങിയവയെ കുറിച്ച് കുറ്റപത്രത്തിൽ എവിടെയും പരാമർശിച്ചിട്ടില്ലതാനും.