പത്തനംതിട്ട: എഡിജിപി എംആർ അജിത്കുമാർ ശബരിമലയിലേക്കും തിരിച്ചും ട്രാക്ടറിൽ സഞ്ചരിച്ച സംഭവത്തിൽ കുറ്റം ഡ്രൈവറുടെ മേൽ ചുമത്തി കേസെടുത്ത് പോലീസ്. ഡ്രൈവർക്കെതിരെ പമ്പ പോലീസാ കേസ് റജിസ്റ്റർ ചെയ്തത്. എഡിജിപി ട്രാക്ടറിൽ യാത്ര ചെയ്ത സംഭവത്തിൽ ഹൈക്കോടതി ഇന്നു രൂക്ഷവിമർശനം നടത്തിയിരുന്നു. യാത്ര മനഃപൂർവമാണെന്നും ഹൈക്കോടതി വിധിയുടെ ലംഘനമാണെന്നും ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ആംബുലൻസ് ഉപയോഗിക്കണമെന്നും പരാമർശമുണ്ടായി. സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.
അതുപോലെ ദേവസ്വം ബോർഡിനോടും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോടും റിപ്പോർട്ട് നൽകാനും വിശദമായ സത്യവാങ്മൂലം നൽകാൻ ഡിജിപിക്കും നിർദേശം നൽകിയിട്ടുണ്ട്. അതേസമയം മോട്ടർ വാഹന ആക്ട് പ്രകാരമാണ് ട്രാക്ടർ ഡ്രൈവർക്കെതിരെ കേസെടുത്തിരിക്കുന്നത്. മനുഷ്യ ജീവന് അപകടമുണ്ടാക്കും വിധം വാഹനമോടിച്ചു, രാത്രി 9നു ശേഷം നിയമ വിരുദ്ധമായി 3 പേരെ ട്രാക്ടറിൽ കയറ്റി എന്നിങ്ങനെയാണ് കേസ്.
ഇതിനിടെ, ട്രാക്ടർ യാത്ര നടത്തിയ എഡിജിപിയെ മന്ത്രി കെ .രാജൻ പരിഹസിച്ചു. മലയാളത്തിൽ വകതിരിവ് എന്നൊരു വാക്കുണ്ടെന്നും അതുണ്ടാക്കിയെടുക്കണമെന്നും ട്യൂട്ടോറിയൽ കോളജിൽ പോയാൽ അതു പഠിക്കണമെന്നില്ലെന്നുമാണു മന്ത്രി പരിഹസിച്ചത്.
അതേസമയം ചരക്കു നീക്കത്തിനായി ഉപയോഗിക്കുന്ന പോലീസിന്റെ ട്രാക്ടറാണു യാത്രയ്ക്കായി ഉപയോഗിച്ചത്. ഇതുവിവാദമായതോടെ കോടതി ഇടപെടുകയായിരുന്നു. രാവിലെ ശബരിമല സ്പെഷ്യൽ കമ്മിഷണറുടെ റിപ്പോർട്ട് പരിഗണിച്ചപ്പോഴാണ് ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്. സ്വാമി അയ്യപ്പൻ റോഡിലൂടെ ചരക്കു നീക്കത്തിനായി മാത്രമേ ട്രാക്ടർ ഉപയോഗിക്കാവൂ എന്ന് നേരത്തെ കോടതി ഉത്തരവുണ്ട്.
ഇക്കാര്യത്തിൽ അധികൃതരുടെ വിശദീകരണം ലഭിച്ച ശേഷമാകും കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കുക. ക്യാമറകൾ ഇല്ലാത്ത ഭാഗത്തു വച്ചാണ് കഴിഞ്ഞ ശനിയാഴ്ച എഡിജിപി ട്രാക്ടറിൽ കയറിയത്. ട്രാക്ടർ യാത്ര വിവാദമായതോടെ പമ്പയിൽ നിന്നു സന്നിധാനത്തേക്കുള്ള ട്രാക്ടറുകളിൽ പോലീസ് പരിശോധന കർശനമാക്കി. സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗം ടാർപോളിൻ വച്ചു മറയ്ക്കാറുണ്ട്. ഇതിലുൾപ്പെടെ പരിശോധന നടത്തുന്നുണ്ടിപ്പോൾ.