നടി ശ്വേതാ മേനോന് പിന്തുണ പ്രഖ്യാപിച്ച് നടൻ റഹ്‌മാൻറെ ഫേസ്ബുക്ക് പോസ്റ്റ്. ഇപ്പോൾ നടക്കുന്നതെല്ലാം അസംബന്ധമാണെന്നും ഇതുകൊണ്ട് ലക്ഷ്യമിടുന്നത് ശ്വേതാ മേനോൻ താരസംഘടനയായ അമ്മയുടെ പ്രസിഡന്റാകുന്നത് തടയുകയാണെന്നും റഹ്‌മാൻ പറഞ്ഞു. റഹ്‌മാൻ ശ്വേതയ്ക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ച പോസ്റ്റിൽ ശ്വേതാ മേനോനൊപ്പമുള്ള പഴയകാല ചിത്രങ്ങളും റഹ്‌മാൻ പോസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇപ്പോൾ നടക്കുന്നത് വെറും അസംബന്ധമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് ഞാനും മെഹറും (റഹ്‌മാന്റെ ഭാര്യ മെഹ്‌റുന്നീസ) ഞെട്ടിപ്പോയി. നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്താനും ‘അമ്മ’യുടെ പ്രസിഡന്റായി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുമുള്ള ശ്രമമാണ് ഇതെന്ന് എനിക്ക് വ്യക്തമാണെന്നും റഹ്മാൻ പോസ്റ്റിൽ പറയുന്നു.
നടൻ റഹ്‌മാൻറെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-
‘പ്രിയപ്പെട്ട ശ്വേതാ, നിങ്ങൾക്കെതിരായ അടിസ്ഥാനരഹിതമായ ആരോപണങ്ങളെ കുറിച്ച് വായിച്ച് ഞാൻ ഞെട്ടിപ്പോയി. ഇതിലെ അനീതിയോർത്ത് എനിക്ക് വളരെയധികം രോഷം വന്നു. മൂന്ന് പതിറ്റാണ്ടോളമായി എനിക്ക് നിങ്ങളെ അറിയാം. ഇക്കാലമത്രയും നിങ്ങൾ നല്ലൊരു സുഹൃത്തായിരുന്നു. ഒരു സിനിമയിൽ മാത്രമേ ഒന്നിച്ച് പ്രവർത്തിച്ചിട്ടുള്ളൂ എങ്കിലും നമ്മൾ ഒന്നിച്ച് ചെയ്ത ഷോകളും ചെലവിട്ട സമയവും മതിയായിരുന്നു എനിക്ക് നിങ്ങളെയും നമ്മുടെ സൗഹൃദത്തിന്റെ മൂല്യവും മനസിലാക്കാൻ.’ -റഹ്‌മാൻ പറഞ്ഞു.
‘നിങ്ങൾ മറ്റുള്ളവരോട് എത്രത്തോളം കരുതലുള്ളയാളാണ് എന്ന് ആ ഷോകൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടറിഞ്ഞതാണ്. ഒപ്പമുള്ള അഭിനേതാക്കൾ, പ്രത്യേകിച്ച് നവാഗതർ, ക്രൂ അംഗങ്ങൾ, സംഘാടകർ, അല്ലെങ്കിൽ നിങ്ങളുടെ ആരാധകർ, അങ്ങനെ എല്ലാവരോടും. ഒരു നന്ദിവാക്ക് പോലും പ്രതീക്ഷിക്കാതെ, സുഖമില്ലാതിരുന്ന ക്രൂ അംഗങ്ങൾക്ക് നിശബ്ദമായി മരുന്നുകൾ വാങ്ങിയത് എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്. സ്ഥാനം നോക്കാതെ നിങ്ങൾ എല്ലാവരോടും ഒരുപോലെ പെരുമാറി, എല്ലാവരേയും ഒരുപോലെ ബഹുമാനിച്ചു.
‘ഇപ്പോൾ നടക്കുന്നത് വെറും അസംബന്ധമാണ്. ഇതിന് പിന്നിലുള്ളവരെ കണ്ട് ഞാനും മെഹറും (റഹ്‌മാന്റെ ഭാര്യ മെഹ്‌റുന്നീസ) ഞെട്ടിപ്പോയി. നിങ്ങളുടെ പേരിനെ കളങ്കപ്പെടുത്താനും ‘അമ്മ’യുടെ പ്രസിഡന്റായി നിങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് തടയാനുമുള്ള ശ്രമമാണ് ഇതെന്ന് എനിക്ക് വ്യക്തമാണ്. രാഷ്ട്രീയത്തിൽ ഇത്തരം വൃത്തികെട്ട കളികൾ സാധാരണമാണ്. എന്നാൽ നമ്മുടെ ഇൻഡസ്ട്രിയിലും ഇതുണ്ടാകുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.’ -റഹ്‌മാൻ കുറിച്ചു.
‘ഇത് നേരത്തേ പറയാൻ കഴിയാതിരുന്നതിന് ക്ഷമ ചോദിക്കുന്നു. ഭക്ഷ്യവിഷബാധയേറ്റ് ഞാൻ സുഖമില്ലാതെ കിടക്കുകയായിരുന്നു. ഒപ്പം, എന്റെ പ്രിയ സുഹൃത്ത് ഷാനവാസിന്റെ വിയോഗവും എന്നെ കുറച്ച് സമയം നിശബ്ദനാക്കി. എന്റെ വാക്കുകൾ നിങ്ങളോടുള്ളതാണ് എങ്കിലും ഞാൻ എവിടെയാണ് നിൽക്കുന്നതെന്ന് പൊതുജനങ്ങളും അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.’
‘ചില മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിച്ചേക്കാം. പക്ഷേ ഞാനത് കാര്യമാക്കുന്നില്ല. ശ്വേതാ, ഇതുകൊണ്ടൊന്നും നിങ്ങളുടെ പോരാട്ടവീര്യം കെട്ടുപോകരുത്. ഇന്നുള്ള സ്ഥാനത്ത് എത്താൻ നിങ്ങൾ എത്രത്തോളം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്ന് എനിക്കറിയാം-അതും ആരുടേയും സഹായമില്ലാതെ. ഈ കൊടുങ്കാറ്റിനേക്കാളെല്ലാം ശക്തയാണ് നിങ്ങൾ. നിങ്ങളെ ദ്രോഹിക്കാൻ ശ്രമിച്ചവർക്ക് ഒരു ദിവസം അവർ ചെയ്തതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടിവരും.’
‘മലയാളത്തിലെ താരസംഘടനയുടെ മികച്ച പ്രസിഡന്റാകും നിങ്ങളെന്നതിൽ എനിക്ക് സംശയമില്ല. പൂർണ പിന്തുണയുമായി നിങ്ങൾക്കൊപ്പം നിൽക്കുന്നു. സൗഹൃദത്തോടെയും ബഹുമാനത്തോടെയും റഹ്മാൻ.’