കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരി (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് 10 വർഷമായി ചികിത്സയിലായിരുന്നു ശാന്തകുമാരിയമ്മ. പരിചരിക്കുന്ന ആളുകളാണ് മരണസമയത്ത് ശാന്തകുമാരി അമ്മയുടെ ഒപ്പമുണ്ടായിരുന്നത്. മോഹൻലാലും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ. സംസ്കാരം നാളെ.
മരണവിവരം അറിഞ്ഞ് സഹപ്രവർത്തകരും സിനിമാപ്രവർത്തകരും വീട്ടിലേക്ക് എത്തിച്ചേരുന്നുണ്ട്. പല വേദികളിലും അമ്മയെക്കുറിച്ച് അതിവൈകാരികമായി ലാൽ സംസാരിച്ചിട്ടുണ്ട്. 89ാം പിറന്നാൾ ദിനത്തിൽ അമ്മയ്ക്കായി മോഹൻലാൽ എളമക്കരയിലെ വീട്ടിൽ സംഗീതാർച്ചന നടത്തിയിരുന്നു.
അമ്മയ്‌ക്കൊപ്പം പുരസ്ക്കാരം പങ്കുവയ്ക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷമെന്നായിരുന്നു ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ലഭിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത്. ലോകത്ത് എവിടെയാണെങ്കിലും അമ്മയുമായി സംസാരിക്കുമെന്ന് പണ്ടൊരു മാതൃദിനത്തിൽ മോഹൻലാൽ ബ്ലോഗിൽ കുറിച്ചിരുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ എന്ന മോഹൻലാലിന്റെ ചാരിറ്റബിൾ ട്രസ്റ്റിന് പേര് നൽകിയത് അച്ഛന്റെയും അമ്മയുടെയും പേര് ചേർത്താണ്. അമ്മക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങളാണ് പലപ്പോഴും മോഹൻലാൽ പങ്കുവെച്ചിട്ടുള്ളത്.






















































