തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ ക്യൂ ആർ കോഡിൽ കൃത്രിമം കാട്ടി സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് ക്രൈംബ്രാഞ്ചിന് മുൻപാകെ കീഴടങ്ങിയത്. എന്നാൽ കേസിലെ മൂന്നാം പ്രതിയായ ദിവ്യ ഇതുവരെ കീഴടങ്ങിയിട്ടില്ല.
ഹൈക്കോടതിൽ പ്രതികൾ സമർപ്പിച്ച ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് ഇരുവരും കീഴടങ്ങിയത്. പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. മ്യൂസിയം പോലീസാണ് ആദ്യം കേസ് അന്വേഷിച്ചിരുന്നത്. എന്നാൽ കേസിൽ വേണ്ടത്ര പുരോഗതിയില്ലാതെ വന്നതോടെ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
ദിയ കൃഷ്‌ണ നടത്തുന്ന ആഭരണ കടയിലെ ക്യു ആർ കോഡിൽ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികൾ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. ഇതിൽ കേസെടുത്തതിന് പിന്നാലെ ജീവനക്കാർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ പരാതി നൽകിയിരുന്നു. തുടർന്ന് ആരോപണങ്ങളും പ്രത്യാരോപണങ്ങളും തെളിവു വീഡിയോകളുമായി കൃഷ്ണകുമാറും ദിയയും സ്ഥാപനത്തിലെ ജീവനക്കാരും രംഗത്തെത്തിയിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ജീവനക്കാർ ഉന്നയിച്ചത്. എന്നാൽ സംഭവം ചർച്ചയായതോടെ ജീവനക്കാർ കുറ്റം സമ്മതിച്ചുവെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണകുമാറിന്റെ കുടുംബം ഒരു വീഡിയോ പങ്കുവെച്ചിരുന്നു.