കണ്ണൂര്‍: ഓണ്‍ലൈന്‍ ഓഹരി വില്പനയിലൂടെ കോടികള്‍ വരുമാനമുണ്ടാക്കാമെന്ന് വാഗ്ദാനംചെയ്ത് മട്ടന്നൂര്‍ സ്വദേശിയായ ഡോക്ടറില്‍നിന്ന് 4,43,20,000 രൂപ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാന പ്രതി പിടിയിൽ . എറണാകുളം അറക്കപ്പടിയിലെ സൈനുല്‍ ആബിദിനെ (41)യാണ് കണ്ണൂര്‍ സിറ്റി സൈബര്‍ക്രൈം പോലീസ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നും രണ്ടും പ്രതികളായ തമിഴ്നാട് കാഞ്ചിപുരത്തെ മഹബൂബാഷ ഫാറൂഖ് (39), എറണാകുളം അറക്കപ്പടിയിലെ റിയാസ് (41) എന്നിവരെ കഴിഞ്ഞമാസം അറസ്റ്റ്‌ചെയ്തിരുന്നു. ഇരുവരും റിമാന്‍ഡിലാണ്.
വാട്‌സാപ്പിലൂടെ ബന്ധം സ്ഥാപിച്ചാണ് കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലെ ഡോക്ടറെ തട്ടിപ്പുസംഘം കബളിപ്പിച്ചത്. അപ്‌സ്റ്റോക് എന്ന കമ്പനിയുടെ വെല്‍ത്ത് പ്രോഫിറ്റ് പ്ലാന്‍ സ്‌കീമിലൂടെ വന്‍ ലാഭം കിട്ടുമെന്ന് വാഗ്ദാനംചെയ്ത് 18 ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിപ്പിച്ചു. 33 ഇടപാടുകളും നടന്നു.
ഓരോ നിക്ഷേപം നടത്തുമ്പോഴും തട്ടിപ്പ് സംഘം സ്‌ക്രീനില്‍ ലാഭവിഹിതം കാണിച്ചു കൊണ്ടിരുന്നു. വ്യാജ ട്രേഡിങ് ആപ്ലിക്കേഷനില്‍ വലിയ ലാഭം കാണിച്ച ശേഷം പണം പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോള്‍ സാധിച്ചില്ല. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ പോലീസില്‍ പരാതി നല്‍കിയത്.