തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ആരോപണം നേരിടുന്ന ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് പി എസ് പ്രശാന്തിനെ മാറ്റും. പിഎസ് പ്രശാന്തിന് കാലാവധി നീട്ടി നൽകേണ്ടതില്ലെന്നാണ് തീരുമാനം. പകരം മുൻ എംപി എ സമ്പത്തിനെയാണ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ഇക്കാര്യത്തിൽ സിപിഐഎം നേതൃത്വം തീരുമാനമെടുത്തതായാണ് പുറത്തുവരുന്ന വിവരം.
അതുപോലെ ദേവസ്വം ബോർഡിലെ സിപിഐ പ്രതിനിധിയായി വിളപ്പിൽ രാധാകൃഷ്ണനെ പരിഗണിക്കുന്നതായി സൂചനയുണ്ട്. സിപിഐ സംസ്ഥാന കൗൺസിൽ അംഗവും തിരുവനന്തപുരം ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനുമാണ് വിളപ്പിൽ രാധാകൃഷ്ണൻ. ഇക്കാര്യത്തിൽ അടുത്ത മന്ത്രിസഭാ യോഗത്തിൽ തീരുമാനമാകും. നിലവിലുള്ള ഭരണസമിതിയുടെ അവസാന യോഗം പതിനൊന്നാം തീയതി ചേരും. കെ രാധാകൃഷ്ണൻ ദേവസ്വം മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിൻ്റെ പിഎയായിരുന്നു എ സമ്പത്ത്.
അതേസമയം സ്വർണപ്പാളി വിവാദമടക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ് പിഎസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടർഭരണം നൽകേണ്ടതില്ല എന്ന തീരുമാനമെടുത്തിരിക്കുന്നത്. ഓഡിനൻസ് ഇറക്കി ഒരു വർഷം കൂടി ഇതേ ഭരണ സമിതി തുടരട്ടെ എന്നായിരുന്നു രണ്ട് ദിവസങ്ങൾക്ക് മുൻപ് വരെ സർക്കാരിന്റെയും സിപിഐയുടെയും തീരുമാനം. എന്നാൽ ഇന്നലെ ഹൈക്കോടതിയിൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ നിലവിലെ ഭരണസമിതിയെ കൂടി പ്രതി സ്ഥാനത്ത് കാണുന്ന സാഹചര്യമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് കൂടി വരാനിരിക്കുന്നതിനാൽ ഈ ഭരണസമിതിയെ നിലനിർത്തുന്നത് ശരിയല്ലെന്ന തീരുമാനത്തിലാണ് പൊടുന്നതെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാമെന്ന നിലപാട് സിപിഎം സ്വീകരിച്ചത് എന്നാണ് പുറത്തുവരുന്ന സൂചന.
ഇന്നലെ ശബരിമല സ്വർണക്കൊള്ളക്കേസ് പരിഗണനയിൽ എത്തിയപ്പോൾ നിലവിലെ ദേവസ്വം ബോർഡിനെതിരെ രൂക്ഷ വിമർശനമായിരുന്നു ഹൈക്കോടതി ഉന്നയിച്ചത്. 2025 ജൂലൈ 28 വരെയുള്ള മിനുട്സ് ക്രമരഹിതമാണെന്നായിരുന്നു ഹൈക്കോടതി പറഞ്ഞത്. സെപ്റ്റംബറിൽ ദ്വാരപാലകപ്പാളി കൊണ്ടുപോയ സമയത്തും മിനുട്സ് ബുക്കിൽ രേഖപ്പെടുത്തുന്നതിൽ വീഴ്ച വരുത്തി. ദ്വാരപാലക ശിൽപങ്ങളുടെയും വാതിലിന്റെയും പകർപ്പ് സൃഷ്ടിക്കാനുള്ള അളവെടുക്കാൻ നന്ദൻ എന്ന ആശാരിയെ പോറ്റി നിയോഗിച്ചു. ദ്വാരപാലക ശിൽപപ്പാളിയും വാതിൽപ്പാളിയും ഇളക്കിമാറ്റിയാണ് നന്ദൻ അളവെടുത്തത്. നട തുറന്നിരുന്ന സമയത്ത് മേൽശാന്തിയുടെ സാന്നിധ്യത്തിലായിരുന്നു അളവെടുപ്പ്. ഇതിന് ദേവസ്വം ബോർഡ് രേഖാമൂലമുള്ള അനുമതി നൽകിയിരുന്നില്ല.
ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ഇടപാടുകൾ സംശയകരമാണ്. വിശ്വാസ്യതയില്ലാത്ത പോറ്റിയെ ദേവസ്വം ഉദ്യോഗസ്ഥർ വിശ്വസിച്ചതെന്തിനാണെന്നും ഹൈക്കോടതി ചോദിച്ചിരുന്നു. ചെന്നൈയിൽ എത്തിയ സമയത്ത് ദേവസ്വം ഉദ്യോഗസ്ഥർ പോറ്റിയുടെ ആതിഥ്യം സ്വീകരിച്ചോയെന്നും അന്വേഷിക്കണം. 2025ൽ സ്വർണപ്പാളികൾ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോകാൻ അടിയന്തര സാഹചര്യം സൃഷ്ടിച്ചു. ഹൈക്കോടതി ഉത്തരവും ദേവസ്വം മാനുവലും ബോർഡ് അധികൃതർ ബോധപൂർവ്വം ലംഘിച്ചുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു.
















































