കോയമ്പത്തൂർ: ഊത്തുകുളിക്കു സമീപം തളവായ്പാളയത്ത് സിസേറിയൻ നടത്താതിരിക്കാൻ വീട്ടിൽവച്ച് യുട്യൂബിൽ നോക്കി പ്രസവിച്ചതിനെത്തുടർന്ന് അമിത രക്തസ്രാവം. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. കുഴന്തൈസാമിയുടെ ഭാര്യ ശശികല (32) ആണു മരിച്ചത്.
ജൂൺ 25നാണ് വീട്ടിൽ ഭാര്യയും ഭർത്താവും അമ്മായിയമ്മയും ചേർന്ന് പ്രസവശ്രമം നടന്നത്. ഇവരുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. 4 വയസുള്ള പെൺകുഞ്ഞുള്ള ദമ്പതികൾ രണ്ടാമത്തെ പ്രസവം വീട്ടിൽ വച്ച് യൂട്യൂബ് വീഡിയോ നോക്കി നടത്താൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പെൺകുഞ്ഞിനു ജന്മം നൽകിയ ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് അവശയായതോടെ ശശികലയെ ആദ്യം പെരുന്തുറൈ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ആശുപത്രിയിലെത്തിച്ച കുഞ്ഞ് സുരക്ഷിതയായിരുന്നു. ശശികലയുടെ ആദ്യ പ്രസവം സിസേറിയനായിരുന്നു. രണ്ടാമത്തെ കുഞ്ഞിനെ ഓപ്പറേഷൻ കൂടാതെ പ്രസവിക്കണം എന്ന ആഗ്രഹം കൊണ്ടാണ് ശശികലയും ഭർത്താവും അമ്മായിയമ്മയും ചേർന്ന് പ്രസവത്തിനായി ഡോക്ടർമാരെ കാണേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് വിവരം. സംഭവത്തിൽ ഊത്തുകുളി പോലീസും ജില്ലാ ആരോഗ്യ വകുപ്പും അന്വേഷണം ആരംഭിച്ചു.















































