ബെംഗളൂരു: മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡി കാർഡുകൾ കൈവശം വെച്ചെന്ന പരാതിയിൽ നടൻ പ്രകാശ് രാജിനെതിരെ ബെംഗളൂരു മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. മൂന്ന് തവണ സമൻസ് നൽകിയിട്ടും ഹാജരാകാതിരുന്നതിനെ തുടർന്നാണ് കോടതിയുടെ നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലായി പ്രകാശ് രാജിന് നാല് വോട്ടർ ഐഡികളുണ്ടെന്നാണ് ശേഷാദ്രിപുരം സ്വദേശി കെ. ദിലീപ് കുമാർ നൽകിയ പരാതി. വേളാച്ചേരിയിൽ രണ്ട് വോട്ടർ ഐഡികൾ ഉണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.
ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും വോട്ടർ തിരിച്ചറിയൽ കാർഡ് കൈവശം വെക്കാനും അനുമതിയുള്ളൂ. എന്നാൽ പ്രകാശ് രാജ് കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ സ്വന്തമാക്കി നിയമം ലംഘിച്ചെന്നാണ് പരാതിക്കാരന്റെ ആരോപണം.
അഡ്വക്കേറ്റ് കൂടിയായ കെ. ദിലീപ് കുമാർ നൽകിയ സ്വകാര്യ ഹർജിയിലാണ് കോടതി നടപടി. നേരത്തെ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും ബെംഗളൂരു സിറ്റി പൊലീസ് കമ്മിഷണർക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കേസിൽ കോടതി നേരത്തെ ഒന്നിലധികം തവണ സമൻസ് അയച്ചിരുന്നു. എന്നാൽ സമൻസ് ലഭിച്ചിട്ടും പ്രകാശ് രാജ് കോടതിയിൽ ഹാജരായില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടർച്ചയായി കോടതി ഉത്തരവുകൾ അവഗണിച്ചതോടെയാണ് ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.
അതേസമയം, ധർമസ്ഥല വിവാദവുമായി ബന്ധപ്പെട്ട് ഈ മാസം 18ന് ബെംഗളൂരുവിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രകാശ് രാജിന് പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്ന് സമൻസ് കൈമാറാതിരുന്നതിൽ പൊലീസിനെതിരെ വിമർശനവും ഉയരുന്നുണ്ട്.













































