ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബോളിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) പേര് ‘ഫുട്ബോൾ ഫെഡറേഷൻ ഓഫ് ഭാരത്’ (Football Federation of Bharat) എന്നാക്കി മാറ്റാനുള്ള നിർദ്ദേശത്തിന് ഫെഡറേഷന്റെ പ്രത്യേക ജനറൽ ബോഡി യോഗം അംഗീകാരം നൽകി. ശനിയാഴ്ച ചേർന്ന യോഗത്തിലാണ് നിർണായക തീരുമാനമുണ്ടായത്.
പേരുമാറ്റത്തിനായി കേന്ദ്ര കായിക മന്ത്രാലയത്തിന്റെ അനുമതി തേടുമെന്ന് ഫെഡറേഷൻ പ്രസിഡന്റ് കല്യാൺ ചൗബേ അറിയിച്ചു. മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചാൽ നിർദ്ദേശം വീണ്ടും ജനറൽ ബോഡിയുടെ പരിഗണനയ്ക്ക് കൊണ്ടുവരികയും തുടർന്ന് അന്തിമ അംഗീകാരത്തിനായി ഫിഫയ്ക്ക് സമർപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“പേരുമാറ്റവുമായി ബന്ധപ്പെട്ട പ്രക്രിയയ്ക്ക് ഇന്ന് ഔദ്യോഗിക തുടക്കമായിരിക്കുകയാണ്. കായിക മന്ത്രാലയം അംഗീകരിച്ചില്ലെങ്കിൽ അല്ലെങ്കിൽ മറ്റ് നിർദേശങ്ങൾ മുന്നോട്ടുവെച്ചാൽ അതനുസരിച്ച് തുടർനടപടികൾ സ്വീകരിക്കും. അനുമതി ലഭിച്ചാൽ മാത്രമേ അടുത്ത ഘട്ടങ്ങളിലേക്ക് കടക്കുകയുള്ളൂ,” കല്യാൺ ചൗബേ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
തുർക്കി ‘Turkey’ എന്ന ഇംഗ്ലീഷ് നാമത്തിൽ നിന്ന് ‘Turkiye’യിലേക്കും, ചെക്ക് റിപ്പബ്ലിക് ‘Czech Republic’ എന്നതിൽ നിന്ന് ‘Czechia’യിലേക്കും മാറിയതുപോലുള്ള അന്താരാഷ്ട്ര മാതൃകകളാണ് പേരുമാറ്റ നിർദേശത്തിന് പ്രചോദനമായതെന്ന് ഫെഡറേഷൻ വൃത്തങ്ങൾ സൂചിപ്പിച്ചു.
ഇതിനൊപ്പം ഇന്ത്യൻ ആഭ്യന്തര ഫുട്ബോളുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങൾക്കും യോഗം അംഗീകാരം നൽകി. 2026-27 സീസണിലെ ഇന്ത്യൻ സൂപ്പർ ലീഗ് (ISL) സെപ്റ്റംബർ 4-ന് ആരംഭിക്കും. 14 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് ഹോം-എവേ മാതൃകയിൽ ഏഴ് മാസം നീണ്ടുനിൽക്കുമെന്നാണ് പ്രഖ്യാപനം.
ഐഎസ്എല്ലിന്റെ പുതിയ മത്സരഘടന സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനുള്ള ചുമതല അഞ്ച് ക്ലബ് പ്രതിനിധികളും മൂന്ന് എഐഎഫ്എഫ് ഭാരവാഹികളും മൂന്ന് വാണിജ്യ പങ്കാളികളും ഉൾപ്പെടുന്ന മാനേജിംഗ് കമ്മിറ്റിക്ക് കൈമാറി. ക്ലബുകളുമായി വിശദമായ ചർച്ചകൾ നടത്തിയ ശേഷമാകും ഇതുസംബന്ധിച്ച അന്തിമ രൂപരേഖ തയ്യാറാക്കുക.
‘നാഷണൽ സ്പോർട്സ് ഗവേണൻസ് ആക്ട്-2025’ അനുസരിച്ച് ഫെഡറേഷന്റെ ഭരണഘടനയിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനും ജനറൽ ബോഡി യോഗം ഔദ്യോഗിക അംഗീകാരം നൽകി. ഇന്ത്യൻ ഫുട്ബോളിന്റെ ഭരണ-സംഘടനാ രംഗത്ത് പുതിയ മാറ്റങ്ങൾക്ക് ഈ തീരുമാനങ്ങൾ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.















































