ജനീവ : യു.എസും ഇറാനും തമ്മിലുള്ള ആണവനിർവ്യാപന ചർച്ചയുടെ രണ്ടാംഘട്ടം ഇന്ന് സ്വിസ് നഗരമായ ജനീവയിൽ നടക്കും.
ചർച്ചയ്ക്കായി ജനീവയിലെത്തിയ ഇറാൻ്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തിങ്കളാഴ്ച അന്താരാഷ്ട്ര ആണവോർജ ഏജൻസി(ഐ.എ.ഐ.എ.) ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി കൂടിക്കാഴ്ച നടത്തി. നടത്തി. യു.എസുമായി നീതിപൂർവവും സന്തുലിതവുമായ കരാറുണ്ടാക്കുകയാണ് ലക്ഷ്യമെന്ന് അരാഗ്ചി പറഞ്ഞു.
ഈ മാസം ആറിന് ഒമാനിൽ നടന്ന ആദ്യഘട്ട ചർച്ചയിലൂടെ ഇറാൻ്റെ ആണവപദ്ധതിയോടുള്ള യു.എസ്. നിലപാട് കൂടുതൽ യാഥാർത്ഥ്യത്തിലൂന്നിയതായിട്ടുണ്ടെന്ന് ഇറാൻ്റെ വിദേശകാര്യവക്താവ് ഇസ്മായിൽ ബാഗേയ് പറഞ്ഞു. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇളവുചെയ്യാൻ യു.എസ്. തയ്യാറായാൽ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരത്തിൻ്റെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ഇറാൻ പറഞ്ഞിരുന്നു.
ആണവക്കരാറിലെത്തിയില്ലെങ്കിൽ ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന ഭീഷണി യു.എസ്. പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുകയാണ്. ഇറാനിൽ സൈനികനടപടിക്ക് യു.എസ്. സൈന്യം സജ്ജമാവുകയാണെന്ന് റോയിറ്റേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാൻ തീരത്ത് മൂന്നാഴ്ചയോളമായി നങ്കൂരമിട്ടിരിക്കുന്ന എബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കുപുറമേ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ജെറാൾഡ് ആർ. ഫോർഡിനെയും പശ്ചിമേഷ്യയിൽ വിന്യസിക്കാൻ യു.എസ്. നിർദ്ദേശം നൽകിയിട്ടുണ്ട്. യു.എസ്. സമ്മർദതന്ത്രം പയറ്റുന്ന സാഹചര്യത്തിൽ ഇറാൻ റെവലൂഷണറി ഗാർഡ് കോർ തിങ്കളാഴ്ച ഹോർമുസ് കടലിടുക്കിൽ സൈനികാഭ്യാസം തുടങ്ങി.
ഇറാൻ ഉടൻ ആണവായുധം സ്വായത്തമാക്കുന്ന റിപ്പോർട്ടിനെ തുടർന്ന് 2025 ജൂണിൽ ഇസ്രായേൽ ഇറാനെ ആക്രമിച്ചു. അന്ന് ഇറാൻ്റെ മൂന്ന് തന്ത്രപ്രധാന ആണവകേന്ദ്രങ്ങളിൽ യു.എസ്. ബങ്കർ ബസ്റ്റർ ബോംബുകളിട്ടു. 60 ശതമാനം പരിശുദ്ധിയിൽ സമ്പുഷ്ടീകരിച്ച 400 കിലോഗ്രാം യുറേനിയം ഇറാൻ്റെ പക്കലുണ്ടെന്നാണ് ഐ.എ.ഐ.എ. യുടെ കണക്ക്. ആണവായുധമുണ്ടാക്കാൻ 90 ശതമാനം പരിശുദ്ധിയിൽ യുറേനിയം സമ്പുഷ്ടീകരിക്കണം.
അതേസമയം, സിവിലിയൻ ആവശ്യങ്ങൾക്കുവേണ്ടിയുള്ള സമ്പുഷ്ടീകരണമേ നടത്തുന്നുള്ളൂവെന്നാണ് ഇറാൻ പറയുന്നത്. യു.എസ്. മധ്യസ്ഥതയിൽ റഷ്യയുടെയും യുക്രൈൻ്റെയും പ്രതിനിധികൾ തമ്മിലുള്ള ചർച്ചയും ബുധനാഴ്ച ജനീവയിൽ നടക്കും.

















































